എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘ഇല്യ നടന്നിട്ടില്യ, അങ്ങേക്ക് എങ്ങനെ മനസ്സിലായി’
അപ്പു ജിജ്ഞാസയോടെ ചോദിച്ചു.
‘എനിക്കു മനസ്സിലായി അപ്പൂ ‘ ,
ഒരു വേള നിർത്തിയ ശേഷം ഇടർച്ചയോടെ ഇടിത്തീ പോലെ അദ്ദേഹമതു പറഞ്ഞു.
‘അങ്ങനെ നടന്നിരുന്നെങ്കിൽ അഞ്ജലി ..’
അദ്ദേഹം ഒന്നു നിർത്തി.
‘അഞ്ജലിക്ക്…’
അപ്പു സ്വൽപം ശബ്ദമുയർത്തിത്തന്നെ ചോദിച്ചു.
‘ ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു. ‘
ബ്രഹ്മദത്തൻ അപ്പുവിനു മുഖം നൽകാതെ പറഞ്ഞു.
ആ വാക്കുകൾ …ബ്രഹ്മദത്തൻ തിരുമേനിയുടെ ആ വാക്കുകൾ അപ്പുവിന്റെ നെഞ്ചിലേക്കു കൂരമ്പുകൾ പോലെ തറഞ്ഞു കയറി,
‘അങ്ങെന്തൊക്കെയാണ് ഈ പറയുന്നത്’
അപ്പു അലറുകയായിരുന്നു.
‘ശാന്തനാകൂ അപ്പൂ,’
ബ്രഹ്മദത്തൻ അവന്റെ കൈയിൽ മെല്ലെ അടിച്ചുകൊണ്ടു പറഞ്ഞു.
‘അപ്പുവിന്റെ ജാതകം ശ്രേഷ്ഠ ജാതകമാണ്. അത്യുന്നതങ്ങളിലേക്കു പോകേണ്ടവൻ ആണപ്പു. പക്ഷേ…..’
അദ്ദേഹം അർധോക്തിയിൽ നിർത്തി.
‘പക്ഷേ എന്തു പക്ഷേ പറയൂ തിരുമേനീ’
അപ്പു കരച്ചിൽ പോലെ ചോദിച്ചു.
‘അപ്പുവിന്റെ ജനനസമയമാണ് വില്ലൻ. സാധാരണ ജാതകങ്ങളിൽ നവഗ്രഹങ്ങളാകും ഒരാളുടെ സ്ഥിതിയും ഭാവിയും നിർണയിക്കുക. എന്നാൽ ചിലരിൽ നവഗ്രഹങ്ങളിൽ പെടാത്ത ഒരജ്ഞാത ഗ്രഹം എത്തിനോട്ടം നടത്തും. അപരഗ്രഹ ദോഷം എന്ന മഹാദോഷമാണത്…അപൂർവങ്ങളിൽ അപൂർവമാണ് ഈ ദോഷം, ദശകോടിയിൽ ഒരാൾക്കു മാത്രം കിട്ടുന്ന ദോഷം.