എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അഞ്ജലി മെല്ലെ അപ്പുവിന്റെ തോളത്ത് ഒന്നിടിച്ചശേഷം അവനെ നോക്കി പുഞ്ചിരിച്ചു.
അടങ്ങിയിരിക്കൂ എന്നു ശാസനാഭാവത്തിൽ അപ്പു അവളെ നോക്കി.
‘തിരുമേനിയെക്കൊണ്ട് ഇവരുടെ ജാതകം നോക്കണം എന്നായിരുന്നു ആഗ്രഹം. വിവാഹത്തിനു മുന്നെ സാധിച്ചില്ല, ഇപ്പോൾ സമയമുണ്ടാകുമോ’
കൃഷ്ണകുമാർ ചോദിച്ചു.
‘ഇനിയിപ്പോ എന്താ അതിനു പ്രസക്തി, ഏതായാലും നോക്കാം’
ബ്രഹ്മദത്തൻ ചിരിയോടെ പറഞ്ഞു.
കൃഷ്ണകുമാർ ഇരുവരുടെയും ജാതകവും ജനനസമയക്കുറിപ്പും അദ്ദേഹത്തിനു നേരെ നീട്ടി.
അതു വാങ്ങിയ ശേഷം ഒന്നു മനസ്സിരുത്തി പ്രാർഥിച്ച ശേഷം അദ്ദേഹം ഒത്തു നോക്കി.
‘പൊരുത്തങ്ങളുടെ സമ്മേളനം’, അദ്ദേഹം പറഞ്ഞു.
‘ഈ ജാതകങ്ങൾ പരസ്പരപൂരകമാണ്. ഈ സ്ത്രീജാതകത്തിനു ഈ പുരുഷ ജാതകം മാത്രമേ ചേരൂ..അപ്പൂം അഞ്ജലിയും തമ്മിലുള്ള വിവാഹം സാക്ഷാൽ ഈശ്വരൻ തന്നെ തീരുമാനിച്ചതാണെന്നു സാരം.’
ബ്രഹ്മദത്തന്റെ ആ മറുപടി എല്ലാവരുടെയും മനസ്സിൽ കുളിർ നിറച്ചു.
അഞ്ജലിയുടെ മുഖം നിറനിലാവുപോലെ പൂത്തുവിടർന്നു.
അപ്പുവിന്റെ പെണ്ണ്, അപ്പുവിനായി ഈശ്വരൻ നിശ്ചയിച്ച പെണ്ണ്, ഇതിൽപരം സന്തോഷം അവൾക്കു ലഭിക്കാനില്ലായിരുന്നു.
തുടർന്ന് ബ്രഹ്മദത്തൻ അപ്പുവിന്റെ ജന്മസമയത്തേക്ക് ഒന്നു കണ്ണോടിച്ചു, ‘
‘ഈശ്വരാ’,
അദ്ദേഹം ഒരുമാത്ര അറിയാതെ വിളിച്ചു.