എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘പിന്നെ ആർക്കുവേണ്ടിയാ ഞാൻ ഇതെല്ലാം കഷ്ടപ്പെ്ട്ട് ഉണ്ടാക്കിയത്’
സ്വരത്തിൽ പ്രകടമായ ദേഷ്യത്തോടുകൂടി അഞ്ജലി അവൻ്റെ മുന്നിലേക്കു നീങ്ങി നിന്നു.
അപ്പു ദൂരേക്കു നോക്കി നിന്നു.
അഞ്ജലി സ്വയം നിയന്ത്രിച്ചു.’
ശരി , വിശപ്പില്ലെങ്കിൽ കഴിക്കേണ്ട, ഇതെങ്കിലും കുടിക്കൂ’
അവൾ ഗ്ലാസിലേക്ക് പാലടപ്പായസം പകർന്നുകൊണ്ട് അവനു നേരെ നീ്ട്ടി.
അപ്പുവിൻ്റെ മനസ്സിൽ ഒരു കുസൃതിക്കാരനുണ്ട്. മറ്റുള്ളവരെ ചൊടിപ്പിക്കാൻ എപ്പോഴും ഇഷ്ടപ്പെടുന്ന ഒരു കുസൃതിക്കാരൻ.
‘അയ്യേ, ഈ പായസം കണ്ടാൽ അറിയാല്ലോ ഇതൊന്നിനും കൊള്ളില്ലാന്ന്, ഉണ്ടാക്കിയ ആൾ തന്നെ അങ്ങ് കുടിച്ചാൽ മതി’
ഇതു പറഞ്ഞു പടികൾ കയറി മുകളിലേക്കു പോകുമ്പോൾ അഞ്ജലിയെ ഒന്നു ചൂടാക്കുക എന്നതിൽ കവിഞ്ഞ് അപ്പു ഒന്നും ഉദ്ദേശിച്ചിരുന്നില്ല.
ഒരു പെണ്ണിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും , അവളുടെ സൗന്ദര്യത്തേയോ പാചകത്തേയോ കുറ്റം പറയാൻ പാടില്ല.
സ്‌നേഹത്തോടെ ഒരു പെണ്ണ് എന്തെങ്കിലും ഉണ്ടാക്കിത്തന്നാൽ വാങ്ങിക്കഴിക്കുക എന്നതാണ് നല്ല ദാമ്പത്യത്തിനുള്ള ഒരേയൊരു നടപടി.
എന്നാൽ പെണ്ണുങ്ങളോട് അധികം ഇടപെടാത്ത നമ്മുടെ പാവം അപ്പുവുണ്ടോ ഈ തത്വശാസ്ത്രമൊക്കെ അറിയുന്നു.
അഞ്ജലി ദേഷ്യം കൊണ്ടു ജ്വലിച്ചു. എത്രനേരം അവൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പായസമാണ്. അച്ഛമ്മയും ഹരിമേനോനും ഒക്കെ ഇതു കഴിച്ചിട്ടു നന്നായെന്നു പറഞ്ഞതാണ്. എന്നിട്ടും അപ്പു പറയുന്നതു കേട്ടില്ലേ?