എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – ‘നീ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ ഞാൻ തല്ലിയത്'
ഉറക്കത്തിലായിരുന്ന അപ്പുവിനെ നോക്കി അവൾ മനസ്സിൽ പറഞ്ഞു,
ഇനി ഞാൻ തല്ലില്ലാട്ടോ, എൻ്റെ അപ്പുവിനെ'
തിണർപ്പിൽ വിരലോടിച്ചു അവൾ ശബ്ദം താഴ്ത്തിപറഞ്ഞു.
അപ്പു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ലെന്നു മാത്രം.
‘ഈ അപ്പു എന്താ ഇങ്ങനെ'
അടുക്കളയിൽ പാചകത്തിനിടെ അഞ്ജലി ചിന്തിച്ചു.
അപ്പുവിൻ്റെ പിറന്നാൾ ദിനമായിരുന്നു അന്ന്.
അവനിഷ്ടമുള്ള വിഭവങ്ങൾ അച്ഛമ്മയിൽ നിന്നു ചോദിച്ചറിഞ്ഞ് അതുണ്ടാക്കാനുള്ള തിരക്കിലായിരുന്നവൾ.
താൻ ഇഷ്ടം കൂടിയിട്ടും അപ്പു എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്ന് അവൾക്ക് എത്തും പിടിയും കിട്ടിയില്ല.
തന്നോടു ദേഷ്യപ്പെടുകയൊന്നുമില്ല.
എന്നാൽ മൊത്തത്തിൽ ഒരു തണുപ്പൻ സമീപനം.
തന്നെ വല്ലാതെ അവഗണിക്കുന്നു.
ഇനി അപ്പുവിനു തന്നോടുള്ള ഇഷ്ടം കുറഞ്ഞോ?
അവളുടെ മനസ്സു നിറയെ ചോദ്യങ്ങളായിരുന്നു.
ഇതിനൊരുത്തരം കിട്ടാനായി അവൾക്കു വിളിക്കാൻ ഒരേയൊരാളെ ഉണ്ടായിരുന്നുള്ളു…രേഷ്മ !!
ഇരിക്കപ്പൊറുതിയില്ലാതായ അവൾ രേഷ്മയെ വിളിക്കുക തന്നെ ചെയ്തു.
‘എന്താടി?'
തന്റെ പതിവു കുസൃതി സ്വരത്തിൽ രേഷ്മ ചോദിച്ചു
മുഖവുരയൊന്നും കൂടാതെ തന്നെ അഞ്ജലി കാര്യങ്ങൾ തുറന്നു പറഞ്ഞു.
രേഷ്മ പൊട്ടിച്ചിരിച്ചു'
എന്റെ അഞ്ജലീ, അതൊന്നും കാര്യമാക്കേണ്ട, ചില ആൺകുട്ടികൾ ഇങ്ങനെയാണ്, കുറച്ചു നാൾ എടുക്കും എന്ന് റെഡിയായി വരാൻ.'
അവൾ പറഞ്ഞു.
‘പക്ഷേ ??'
അഞ്ജലിക്ക് ആ ഉത്തരം തൃപ്തികരമായി തോന്നിയില്ല.
‘ഇപ്പോൾ അവൻ എവിടെയുണ്ട്?'
രേഷ്മ അപ്പുവിനെപ്പറ്റി തിരക്കി.
‘ഓഫീസിൽ പോയിരിക്കുകയാണ് ഉടൻ വരും'
അഞ്ജലി മറുപടി പറഞ്ഞു.
‘നീ അവനോടു കുറച്ചൂടി സ്നേഹം കാട്ട് അഞ്ജലി, ഇഷ്ടമുള്ള പെണ്ണിന്റെ മുന്നിൽ ആൺപിള്ളേരുടെ പിടിവാശിയൊക്കെ ഠപ്പേന്നു മാഞ്ഞുപോകും'
രേഷ്മ തന്റെ അനുഭവസമ്പത്ത് അഞ്ജലിക്കു മുന്നിൽ വിളമ്പി.
ചറപറാന്നു രേഷ്മ വീണ്ടും എന്തൊക്കെയോ പറഞ്ഞു.
ഒടുവിൽ ഫോൺ കട്ടായി
അന്നേദിവസം അപ്പു വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരുപാടു വൈകിയിരുന്നു.
നേരത്തെ പോകാമെന്നു വിചാരിച്ചിരുന്നതാണ്, പക്ഷേ ഇറങ്ങാൻ തുടങ്ങുന്നതിനിടെ മുംബൈയിൽ നിന്നൊരു കോൾ-
ഐഐടിയിൽ ഒരുമിച്ചുണ്ടായിരുന്ന ഒരു ചങ്ങാതിയാണ്-പേര് മിഥുൻ വർമ.
ഇപ്പോൾ ഒരു വലിയ എക്‌സ്‌പോർട്ടിങ് കമ്പനിയുടെ ജൂനിയർ മാനേജറായ മിഥുൻ അപ്പുവിനെ വിളിച്ചത് ഒരു ഗുണകരമായ കാര്യം പറയാനായിരുന്നു.
പാലക്കാടൻ റൈസ് മില്ലുകളിൽ നിന്ന് അരി കയറ്റുമതി ചെയ്യാൻ അയാളുടെ കമ്പനിക്കു താൽപര്യമുണ്ട്. അതിൻ്റെ കോൺട്രാക്ട് അ്പ്പുവിൻ്റെ കമ്പനിക്കു നൽകുന്നതായി അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ കോൾ.
താൻ നേതൃത്വം ഏറ്റെടുത്തതിനു ശേഷം തറവാടിൻ്റെ ബിസിനസ്സിനു കിട്ടുന്ന ആദ്യ അവസരം…
അപ്പു അതു നന്നായി ഉപയോഗിച്ചു.
ഉടനടി ചില പേപ്പറുകൾ തയാറാക്കി അയയ്‌ക്കേണ്ടതിനാൽ സമയം ഒരുപാടു വൈകി.
വീട്ടിലെത്തി കോളിങ്‌ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അഞ്ജലിയാണ്.
മ്ഞ്ഞയിൽ ചെറിയ വെളുത്തപ്പൂക്കൾ ചിതറിക്കിടന്ന സാൽവർ കമ്മീസും വെളുത്ത ഷാളുമായിരുന്നു അവളുടെ വേഷം.
പട്ടുനൂലുകൾ പോലെയുള്ള അവളുടെ ചെമ്പൻ മുടി പാറിക്കിടന്നിരുന്നു.
പാൽപോലെ വെളുത്ത അവളുടെ ഭംഗി പതിൻമടങ്ങാക്കുന്നതായിരുന്നു അവളുടെ വേഷം.
ഒരു നിമിഷം ആ മനോഹാരിതയിലേക്കു നോക്കി നിന്ന ശേഷം അവളോട് ഒന്നു ചിരിക്കുകപോലും ചെയ്യാതെ അപ്പു വീട്ടിനുള്ളിലേക്കു കയറി.
‘അപ്പൂ, പിറന്നാളായി്ട്ടും നേരത്തെ വന്നില്ല, വിളിച്ചിട്ടും ഫോൺ എടുത്തില്ല'
പരിഭവത്തിൻ്റെ മുനവച്ച് അഞ്ജലി പിന്നിൽനിന്നു പറഞ്ഞു.
‘തിരക്കിലായി പോയി'
അവൾക്കു മുഖം കൊടുക്കാതെ അവൻ പറഞ്ഞു.
‘ങൂം, ഇങ്ങനെയുണ്ടോ ഒരു തിരക്ക്, ഏതായാലും വരൂ, ഭക്ഷണം കഴിക്കാം'
അഞ്ജലി അവനോടു പറഞ്ഞു.
അപ്പു മുറിയിലെ തീൻമേശയിലേക്കു നോക്കി.
അവിടെ വിവിധ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു അവൾ.
‘എനിക്കു വിശപ്പില്ല, ഞാ്ൻ ഓഫിസിൽ ഇരുന്നപ്പോൾ ഒരു പിസ കഴിച്ചു'
അപ്പു അവളോടു പറഞ്ഞു.
‘പിന്നെ ആർക്കുവേണ്ടിയാ ഞാൻ ഇതെല്ലാം കഷ്ടപ്പെ്ട്ട് ഉണ്ടാക്കിയത്'
സ്വരത്തിൽ പ്രകടമായ ദേഷ്യത്തോടുകൂടി അഞ്ജലി അവൻ്റെ മുന്നിലേക്കു നീങ്ങി നിന്നു.
അപ്പു ദൂരേക്കു നോക്കി നിന്നു.
അഞ്ജലി സ്വയം നിയന്ത്രിച്ചു.'
ശരി , വിശപ്പില്ലെങ്കിൽ കഴിക്കേണ്ട, ഇതെങ്കിലും കുടിക്കൂ'
അവൾ ഗ്ലാസിലേക്ക് പാലടപ്പായസം പകർന്നുകൊണ്ട് അവനു നേരെ നീ്ട്ടി.
അപ്പുവിൻ്റെ മനസ്സിൽ ഒരു കുസൃതിക്കാരനുണ്ട്. മറ്റുള്ളവരെ ചൊടിപ്പിക്കാൻ എപ്പോഴും ഇഷ്ടപ്പെടുന്ന ഒരു കുസൃതിക്കാരൻ.
‘അയ്യേ, ഈ പായസം കണ്ടാൽ അറിയാല്ലോ ഇതൊന്നിനും കൊള്ളില്ലാന്ന്, ഉണ്ടാക്കിയ ആൾ തന്നെ അങ്ങ് കുടിച്ചാൽ മതി'
ഇതു പറഞ്ഞു പടികൾ കയറി മുകളിലേക്കു പോകുമ്പോൾ അഞ്ജലിയെ ഒന്നു ചൂടാക്കുക എന്നതിൽ കവിഞ്ഞ് അപ്പു ഒന്നും ഉദ്ദേശിച്ചിരുന്നില്ല.
ഒരു പെണ്ണിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും , അവളുടെ സൗന്ദര്യത്തേയോ പാചകത്തേയോ കുറ്റം പറയാൻ പാടില്ല.
സ്‌നേഹത്തോടെ ഒരു പെണ്ണ് എന്തെങ്കിലും ഉണ്ടാക്കിത്തന്നാൽ വാങ്ങിക്കഴിക്കുക എന്നതാണ് നല്ല ദാമ്പത്യത്തിനുള്ള ഒരേയൊരു നടപടി.
എന്നാൽ പെണ്ണുങ്ങളോട് അധികം ഇടപെടാത്ത നമ്മുടെ പാവം അപ്പുവുണ്ടോ ഈ തത്വശാസ്ത്രമൊക്കെ അറിയുന്നു.
അഞ്ജലി ദേഷ്യം കൊണ്ടു ജ്വലിച്ചു. എത്രനേരം അവൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പായസമാണ്. അച്ഛമ്മയും ഹരിമേനോനും ഒക്കെ ഇതു കഴിച്ചിട്ടു നന്നായെന്നു പറഞ്ഞതാണ്. എന്നിട്ടും അപ്പു പറയുന്നതു കേട്ടില്ലേ?
അഞ്ജലിയുടെ ഉള്ളിൽ ഇടയ്‌ക്കൊന്നുറങ്ങിപ്പോയ പഴയ പിടിവാശിക്കാരി ഉണർന്നെണീറ്റു. അപ്പുവിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അവൾ നിശ്ചയിച്ചു.
ആ തീരുമാനത്തിൽ കലുഷിതമായ മുഖത്തോടെയാണ് അവൾ മുകളിലേക്കു കയറിച്ചെന്നത്.
അപ്പു തൻ്റെ ലാപ്‌ടോപ്പിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഒരു നിമിഷം അവൾ അവനെനോക്കിനിന്നു.'
പിന്നെ , കുത്തിക്കുറിക്കുന്നതു കണ്ടാൽ തോന്നും നാസയിലെ റോക്കറ്റിനുള്ള സോഫ്റ്റ്‌വെയർ തയാറാക്കുകയാണെന്ന്'
താഴ്ന്ന സ്വരത്തിൽ ആ്ത്മഗതം നടത്തിയ ശേഷം അവൾ അവൻ്റെ അരികിലേക്കെത്തി.
അപ്പൂ….'
പരുഷമായ സ്വരത്തിൽ അവൾ വിളിച്ചു.
‘എന്തേ?'
ലാപ്‌ടോപ് മെല്ലെ മടക്കി അപ്പു വിളികേട്ടു.
‘അപ്പുവിനോടു ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, ഓർമയുണ്ടോ അത്? ‘
അഞ്ജലി ചോദിച്ചു.
അപ്പുവിന് ഒന്നും ഓർമ കിട്ടിയില്ല..ഇവൾ എന്താണ് ആവശ്യപ്പെട്ടത്? അവൻ കുറച്ചുനേരം ചിന്തിച്ചു.
‘ എന്താ അത്, എനിക്ക് ഓർമയില്ലല്ലോ'
അപ്പു നിഷ്‌കളങ്കമായി ചോദിച്ചു.
അഞ്ജലി തൻ്റെ മാറത്തു കൈകെട്ടി കുറച്ചുനേരം നിന്നു. വശങ്ങളിലേക്കു നോക്കിയായിരുന്നു അവളുടെ നിൽപ്.
അപ്പു മിഴുങ്ങസ്യാന്ന് അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.
അവനു സത്യമായിട്ടും ഒന്നും പിടികിട്ടിയില്ല.
‘നമ്മുടെ ആദ്യരാത്രിയിൽ ഞാൻ പറഞ്ഞിരുന്നില്ലേ, എനിക്കു ഡിവോഴ്‌സ് വേണമെന്ന് ‘
അഞ്ജലി പറഞ്ഞു.
അപ്പുവിൻ്റെ ചങ്കു പടപടാന്നു മിടിക്കാൻ തുടങ്ങി.
ഇവളെന്താണു പറഞ്ഞുവരുന്നത്.
‘പ..പറഞ്ഞിരുന്നു.'
അവൻ വിക്കിവിക്കി പറഞ്ഞു.
‘എനിക്കത് ഉടനെ വേണം'
അഞ്ജലി അറുത്തുമുറിച്ചു പറഞ്ഞു.
അപ്പുവിൻ്റെ കൈയ്യിൽ നിന്നു ലാപ്‌ടോപ് തെറിച്ചുപോയി.
തൻ്റെ കാലുകൾ തളരുന്നതുപോലെ അവനു തോന്നി.
അവൻ ചാടിയെഴുന്നേറ്റു.
എന്താ അഞ്ജലി ഈ പറയുന്നത് അവൻ നിലവിളിക്കുകയായിരുന്നു.
എനിക്കു ഡിവോഴ്‌സ് വേണംന്ന് , ഒരു പ്രാവ്ശ്യം പറഞ്ഞാൽ പോരെ?
അഞ്ജലി വീണ്ടും പറഞ്ഞു.
‘അതെന്താപ്പോ വീണ്ടും…എന്തൊക്കെയാ അഞ്ജലി പറയണത്…'
അപ്പു പിച്ചും പേയും പറയാൻ തുടങ്ങി. അവൻ്റെ സമനില തെറ്റിത്തുടങ്ങിയിരുന്നു.
അഞ്ജലി തന്നെ സ്നേഹിച്ചു തുടങ്ങിയെന്നായിരുന്നു അവൻ്റെ കണക്കുകൂട്ടൽ. അവൾ വീണ്ടും ഡിവോഴ്‌സ് എന്ന ആവശ്യവും കുത്തിപ്പൊക്കി വരുമെന്ന് അവൻ സ്വപ്‌നേവി വിചാരിച്ചിരുന്നി്ല്ല.
അപ്പുവിൻ്റെ കണ്ണിൽ നിന്നു കണ്ണീർ ചെറുതായി ചാടി.
മുഖം ചുവന്നിരുന്നു.
അഞ്ജലിയുടെ മനസ്സിൽ ചെറിയൊരു വേദന പടർന്നു.
എങ്കിലും അവൾ പരുഷഭാവത്തിൽ തന്നെ നിന്നതേയുള്ളു.
‘ഹൊ എന്തൊരു ഷോയായിരുന്നു മോനെ…നിനക്കു കുറച്ചു അഹങ്കാരം കുറയാനുണ്ട്. ഞാൻ ശരിയാക്കിത്തരാം കേട്ടോ'
അഞ്ജലി മനസ്സിൽ പറഞ്ഞു. അപ്പുവിനെ ഒന്നു ചൂടാക്കാൻ
വേണ്ടി മാത്രമാണ് അവൾ ഡിവോഴ്‌സ് വേണമെന്ന ആവശ്യം എടുത്തിട്ടത്. യാഥാർഥ്യത്തിൽ അപ്പുവിനെ വിട്ടുപോകുന്ന കാര്യം അവൾക്കു ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല എന്നതാണു സത്യം.
എന്നാൽ അപ്പുവിൻ്റെ ഹൃദയം തകർന്നിരുന്നു. അവൻ ദീനതയോടെ അഞ്ജലിയെ നോക്കി.
‘ അപ്പോൾ അഞ്ജലി എന്നെ സ്‌നേഹിക്കുന്നില്ലേ'
ഒരു കുട്ടിയേപ്പോലെ അവൻ ചിണുങ്ങി. [ തുടരും ]