എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
കൂടി നിന്നവർ ഏറ്റു ചൊല്ലിക്കൊണ്ട് ആ അഗ്നിനാളത്തിനു സമീപത്തേക്കു തങ്ങളുടെ കൈകൾ നീട്ടി.
നിമിഷങ്ങൾ കടന്നു.
അനോഖി ബാബയും സഹായിയും വിളക്കുമായി അഞ്ജലിക്കു മുന്നിലെത്തി.
തന്റെ മനോഹരമായ കൈകൾ അവൾ ആ വിളക്കിൻ നാളത്തിലേക്കു നീട്ടി.
മുന്നോട്ടു നോക്കി നിന്ന അനോഖി ബാബയുടെ ശ്രദ്ധ ഒരു നിമിഷം ആ കൈകളിലേക്കു വീണു.
പരിചിതമായ കൈകൾ,
തന്റെ പ്രാണപ്രേയസിയുടെ കൈകൾ.
അപ്പു വിറയലോടെ നോട്ടമുയർത്തി.
തനിക്കു നേരെ ജ്വലിക്കുന്ന നോട്ടമെറിഞ്ഞു നിൽക്കുന്ന അഞ്ജലി.
അവളുടെ കൺകോണുകളിൽ കോപമാണോ സഹതാപമാണോയെന്നു തിരിച്ചറിയാനാകാത്ത വികാരം.
അനോഖി ബാബയെന്ന അപ്പു ഞെട്ടി പിന്നോക്കം മാറി.
വിളക്കിലെ തീനാളം കെട്ടു.
അയാളുടെ ചുണ്ടുകളിൽ അവളുടെ പേര് പ്രകമ്പനം കൊണ്ടു….
‘അഞ്ജലി”….
ദേവപ്രയാഗിന്റെ ആകാശത്ത് മേഘങ്ങൾ ഉരുണ്ടുകൂടി.
മഞ്ഞുപുതച്ചു നിൽക്കുന്ന ഭൂമിയിലേക്കു മഴ ചാറിപ്പെയ്തു. തണുപ്പിന്റെ എല്ലാ രസവുമുൾക്കൊണ്ടുള്ള മാരിപ്പെയ്ത്ത്.
‘സബ് ഫാഗോ..’
കൂട്ടം കൂടി നിന്നവർ മഴകൊള്ളാതെ പലസ്ഥലങ്ങളിലേക്ക് ഓടിപ്പോയി.
ഹരിഗോവിന്ദ് മന്ദിറിന്റെ വിശാലമായ നടുമുറ്റത്ത് മഴയിൽ നനഞ്ഞ് അപ്പുവും അഞ്ജലിയും നിന്നു.
അഞ്ജലിയുടെ നെറ്റിയിൽ തൊട്ടിരുന്ന സിന്ദൂരം പടർന്ന് അവളുടെ മുഖത്തേക്കൊഴുകി.
കുറേ നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല.