എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അവർ പ്രാർഥനയ്ക്കായി നിൽക്കുന്നു.
അവരെല്ലാം വെള്ളവസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്.
പെട്ടെന്ന് ഒരു മണിശബ്ദം കേട്ടു.
കാവി വസ്ത്രം ധരിച്ച ഒരു നീളമുള്ള ആൾ കൈയിൽ വലിയ ഒരു കൂട്ടവിളക്കുമായി ആ കൂട്ടത്തിലേക്കു വരുന്നു.
അയാളുടെ കൈയിലെ വിളക്കിൻ കൂട്ടത്തിൽ നിന്നുള്ള തീനാളത്തെ വണങ്ങുകയാണ് കൂടി നിന്നവർ.
ഒരു സഹായി കൂടെ നടക്കുന്നു.
അയാളുടെ മറവ് കാരണം കൂട്ടവിളക്ക് പിടിച്ചയാളെ ശരിക്കു കാണാൻ സാധിക്കുന്നില്ല.
അഞ്ജലി കുറച്ചുകൂടി മുന്നോട്ടു കടന്നു നിന്നു.
സഹായി കുറച്ചു പിന്നിലേക്കു മാറി.
കാവിവസ്ത്രം ധരിച്ച ആ സന്ന്യാസിയെ അഞ്ജലി ശരിക്കും കണ്ടു.
വെളുത്തു നീളമുള്ള സുന്ദരനായ പുരുഷൻ,അയാൾ നീണ്ട മുടിയും താടിയും വളർത്തിയിരുന്നു.
ആത്മീയമായ തേടലുകൾക്കും ശമിപ്പിക്കാനാകാത്ത ദുഖം ആ മുഖത്തും കണ്ണുകളിലും ഘനീഭവിച്ചു കിടന്നു.
ഒറ്റ നോട്ടത്തിൽ അഞ്ജലി ആ പുരുഷനെ തിരിച്ചറിഞ്ഞു.
അനോഖി ബാബ. തന്റെ അപ്പു.
അവളുടെ ഹൃദയത്തിൽ ആയിരം പുഴകൾ ഒന്നിച്ചു പൊട്ടിയൊഴുകി. ഒടുവിൽ ഇതാ….15 കൊല്ലത്തെ തേടലുകൾക്കു ശേഷം.
അഗ്നിനാളം തൊട്ടുതൊഴാൻ നിന്നവരുടെ കൂട്ടത്തിലേക്ക് അവളും കൂടി.
അനോഖി ബാബ അവൾക്കു സമീപമെത്തി.
‘രാധേ ശ്യാം, രാധേ ശ്യാം..’ അയാളുടെ സഹായി ഉച്ചത്തിൽ പ്രാർഥനാ മന്ത്രം ചൊല്ലി.