എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
എത്രപേരുടെ ജീവിതങ്ങളാണ് അപ്പുവിന്റെ തിരോധാനം മൂലം പൊലിഞ്ഞത്.
എത്രപേർക്കു പ്രിയപ്പെട്ടവനായിരുന്നു അപ്പു.
ഇതൊക്കെ ഓർത്തപ്പോൾ അഞ്ജലിയുടെ മനസ്സിൽ അപ്പുവിനെക്കുറിച്ചു ദേഷ്യം ഉയർന്നെങ്കിലും പെട്ടെന്നവൾ സ്വയം ശാസിച്ചു.
തന്നോടുള്ള അതിരറ്റ സ്‌നേഹമല്ലേ അവനെക്കൊണ്ട് ഈ കടും കൈ ചെയ്യിപ്പിച്ചത്.
എല്ലാം താനറിയുന്നത് വൈകിയാണ്. ആഴ്ചകൾക്കു മുൻപ്. അപ്പുവിന് ഒരു മനസ്സാക്ഷിസൂക്ഷിപ്പുകാരനായ കൂട്ടുകാരനുണ്ടായിരുന്നു. രോഹൻ. പക്ഷേ തനിക്കയാളെ അറിയുമായിരുന്നില്ല.
അപ്പുവിന്റെ ചില കൂട്ടുകാരാണ് രോഹന്റെ കാര്യം പറഞ്ഞത്.
എന്തുകാര്യങ്ങളും അവർ തമ്മിൽ പറയാറുണ്ടായിരുന്നത്രേ…
രോഹനെ താൻ പോയി കണ്ടു. ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ല.
പിന്നെ അയാളുടെ മുന്നിൽവച്ച് താൻ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞു.
അപ്പോഴാണയാൾ എല്ലാം പറഞ്ഞത്.
തന്റെ മരണമൊഴിവാക്കാനായി അപ്പു ചെയ്ത ത്യാഗം.
തേങ്ങിപ്പോയി താൻ.
ദേവപ്രയാഗിലേക്കാണു പോകുന്നതെന്നും ഇനി മടങ്ങിവരില്ലെന്നും രോഹനെ അപ്പു അറിയിച്ചിരുന്നു. ആ വാക്കുകളാണ് തന്നെ ഇവിടെ എത്തിച്ചത്.
അന്വേഷിച്ചുവരാൻ മറ്റാരുമില്ല. എവിടെ പോയി കണ്ടുപിടിക്കുമെന്നു നിശ്ചയമില്യ, കണ്ടുമുട്ടുമോയെന്നും അറിയില്ല. പ്രതീക്ഷ മാത്രം ബാക്കി.
അഞ്ജലിയെയും കൊണ്ട് ആ കാർ ദേവപ്രയാഗിലേക്കു യാത്ര തുടർന്നു.
നദികൾ സംഗമിക്കുന്നിടത്ത് ഒട്ടേറെ ആശ്രമങ്ങളുണ്ടായിരുന്നു.