എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
നെറ്റിയിലും സീമന്തരേഖയിലും സിന്ദൂരം.
മുടിയിഴകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു നിന്ന വെളുത്ത മുടികൾ അവൾക്കു പ്രായമായി വരുന്നെന്ന് അറിയിച്ചു.
പഴയ ഇരുപത്തിയൊന്നുകാരിയിൽ നിന്നു 36 വയസ്സിലേക്കുള്ള ജീവിതയാത്ര.
അഞ്ജലി ചുറ്റും നോക്കി.
മഞ്ഞുപുതച്ചു കിടക്കുന്ന ഹിമശൈലങ്ങൾ.
അവയ്ക്കിടയിലൂടെ ഒഴുകുന്ന ഭാഗീരഥിയും അളകനന്ദയും.
അവ ദേവപ്രയാഗിൽ സംഗമിച്ച് പൂർണരൂപം കൈവരിക്കുന്നു.
പിന്നെയവർ ഒഴുകുന്നതു ഗംഗയെന്ന പേരിലാണ്.
തന്റെ ജീവിതവും ഒഴുകുകയാണ്.
പാറക്കെട്ടുകൾക്കിടയിലൂടെ. സംഗമസ്ഥാനമെത്താതെ….
അഞ്ജലി ഓർക്കുകയായിരുന്നു.
15 വർഷങ്ങൾ.
അപ്പുവില്ലാത്ത വർഷങ്ങൾ.
എന്തെല്ലാം സംഭവിച്ചു.
അച്ഛമ്മയുടെ മരണമായിരുന്നു ആദ്യം.
തന്റെ പ്രിയകൊച്ചുമകനെ കാണാതെ അവർ മരിച്ചു.
അവസാനനിമിഷത്തിലും അപ്പുക്കുട്ടാ എന്നു വിളിച്ചുകൊണ്ടായിരുന്നു മരണം.
പിന്നെ ഹരികുമാരമേനോൻ. തനിക്കു പ്രിയപ്പെട്ട ഭർത്തൃപിതാവ്.
പൂർണ ആരോഗ്യവാനായിരുന്ന അദ്ദേഹം എത്ര ദുഖം സഹിച്ചുകാണും.
ഒരു ദിവസം പെട്ടെന്നു ഹാർട്ടറ്റാക്ക് വന്നു മരിച്ചു.
എത്ര നിർഭാഗ്യവാനായ അച്ഛൻ.
മകനെ ഒരു നോക്കു കാണാൻ സാധിക്കാതെ, അന്ത്യകർമങ്ങൾ കിട്ടാൻ ഭാഗ്യമില്ലാതെ….
തന്റെ അച്ഛനായ കൃഷ്ണകുമാറും കിടപ്പിലാണ്.
മകളുടെ ദുർഗതി കണ്ടു കണ്ട് വിഷമിച്ച്…..