എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – കത്തു വായിച്ച അഞ്ജലിക്ക് എന്താണു സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ മനസ്സിലായില്ല. ലോകം തനിക്കും ചുറ്റും കറങ്ങുന്നതായി അവൾക്ക് അനുഭവപ്പെട്ടു.
ഒരു ജന്മത്തിന്റെ സ്‌നേഹം മുഴുവൻ തന്നിലേക്കു പകർന്ന അപ്പു, ഇതാ പോയ്മറഞ്ഞിരിക്കുന്നെന്ന്.
പിന്നീട് അന്വേഷണങ്ങളുടെ കാലമായിരുന്നു അഞ്ജലിയുടെ അച്ഛൻ കൃഷ്ണകുമാറും അപ്പുവിന്റെ പിതാവ് ഹരികുമാരമേനോനും ഇന്ത്യ മുഴുവൻ അപ്പുവിനെ അന്വേഷിച്ചു.
പണം വാരിയെറിഞ്ഞും രാഷ്ട്രീയക്കാരെ സ്വാധീനിച്ചും നടത്തിയ അന്വേഷണങ്ങളൊന്നും ഫലവത്തായില്ല.
അപ്പു……അപ്പു പോയ്മറഞ്ഞിരുന്നു.
15 വർഷങ്ങ്ൾ്ക്കു ശേഷം,
ദേവപ്രയാഗ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ജോളിഗ്രാന്റ് വിമാനത്താവളത്തിൽ നിന്നു ദേവപ്രയാഗിലേക്കുള്ള യാത്രയിലായിരുന്നു ആ കാർ.
ഇടയ്‌ക്കെവിടെയോ വണ്ടി നിന്നു. തണുപ്പും യാത്രാക്ഷീണവും മൂലം
അഞ്ജലി പിൻസീറ്റി്ൽ ഉറക്കത്തിലായിരുന്നു.
‘കോഫി ചാഹിയേ മേംസാബ്?'
ഡ്രൈവർ പിൻസീറ്റിൽ തട്ടിക്കൊണ്ടു ചോദിച്ചു.
അഞ്ജലി ഞെട്ടി എഴുന്നേറ്റു.
‘ഹാ, ലേലോ'
അവൾ പറഞ്ഞു.
ഡ്രൈവർ വഴിയോരത്തെ കോഫിഷോപ്പിൽ നിന്നും ഒരു കപ്പ് കാപ്പി അവൾക്കു കൊണ്ടുവന്നു കൊടുത്തു.
അതു മെല്ലെ മൊത്തിക്കുടിച്ചുക്കൊണ്ടു അഞ്ജലി പുറത്തേക്കിറങ്ങി.
അവൾ ഒരു ചുവന്ന സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്. തണുപ്പകറ്റാനായി ഒരു കമ്പിളി ഷാൾ പുതച്ചിരുന്നു.
നെറ്റിയിലും സീമന്തരേഖയിലും സിന്ദൂരം.
മുടിയിഴകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു നിന്ന വെളുത്ത മുടികൾ അവൾക്കു പ്രായമായി വരുന്നെന്ന് അറിയിച്ചു.
പഴയ ഇരുപത്തിയൊന്നുകാരിയിൽ നിന്നു 36 വയസ്സിലേക്കുള്ള ജീവിതയാത്ര.
അഞ്ജലി ചുറ്റും നോക്കി.
മഞ്ഞുപുതച്ചു കിടക്കുന്ന ഹിമശൈലങ്ങൾ.
അവയ്ക്കിടയിലൂടെ ഒഴുകുന്ന ഭാഗീരഥിയും അളകനന്ദയും.
അവ ദേവപ്രയാഗിൽ സംഗമിച്ച് പൂർണരൂപം കൈവരിക്കുന്നു.
പിന്നെയവർ ഒഴുകുന്നതു ഗംഗയെന്ന പേരിലാണ്.
തന്റെ ജീവിതവും ഒഴുകുകയാണ്.
പാറക്കെട്ടുകൾക്കിടയിലൂടെ. സംഗമസ്ഥാനമെത്താതെ….
അഞ്ജലി ഓർക്കുകയായിരുന്നു.
15 വർഷങ്ങൾ.
അപ്പുവില്ലാത്ത വർഷങ്ങൾ.
എന്തെല്ലാം സംഭവിച്ചു.
അച്ഛമ്മയുടെ മരണമായിരുന്നു ആദ്യം.
തന്റെ പ്രിയകൊച്ചുമകനെ കാണാതെ അവർ മരിച്ചു.
അവസാനനിമിഷത്തിലും അപ്പുക്കുട്ടാ എന്നു വിളിച്ചുകൊണ്ടായിരുന്നു മരണം.
പിന്നെ ഹരികുമാരമേനോൻ. തനിക്കു പ്രിയപ്പെട്ട ഭർത്തൃപിതാവ്.
പൂർണ ആരോഗ്യവാനായിരുന്ന അദ്ദേഹം എത്ര ദുഖം സഹിച്ചുകാണും.
ഒരു ദിവസം പെട്ടെന്നു ഹാർട്ടറ്റാക്ക് വന്നു മരിച്ചു.
എത്ര നിർഭാഗ്യവാനായ അച്ഛൻ.
മകനെ ഒരു നോക്കു കാണാൻ സാധിക്കാതെ, അന്ത്യകർമങ്ങൾ കിട്ടാൻ ഭാഗ്യമില്ലാതെ….
തന്റെ അച്ഛനായ കൃഷ്ണകുമാറും കിടപ്പിലാണ്.
മകളുടെ ദുർഗതി കണ്ടു കണ്ട് വിഷമിച്ച്…..
എത്രപേരുടെ ജീവിതങ്ങളാണ് അപ്പുവിന്റെ തിരോധാനം മൂലം പൊലിഞ്ഞത്.
എത്രപേർക്കു പ്രിയപ്പെട്ടവനായിരുന്നു അപ്പു.
ഇതൊക്കെ ഓർത്തപ്പോൾ അഞ്ജലിയുടെ മനസ്സിൽ അപ്പുവിനെക്കുറിച്ചു ദേഷ്യം ഉയർന്നെങ്കിലും പെട്ടെന്നവൾ സ്വയം ശാസിച്ചു.
തന്നോടുള്ള അതിരറ്റ സ്‌നേഹമല്ലേ അവനെക്കൊണ്ട് ഈ കടും കൈ ചെയ്യിപ്പിച്ചത്.
എല്ലാം താനറിയുന്നത് വൈകിയാണ്. ആഴ്ചകൾക്കു മുൻപ്. അപ്പുവിന് ഒരു മനസ്സാക്ഷിസൂക്ഷിപ്പുകാരനായ കൂട്ടുകാരനുണ്ടായിരുന്നു. രോഹൻ. പക്ഷേ തനിക്കയാളെ അറിയുമായിരുന്നില്ല.
അപ്പുവിന്റെ ചില കൂട്ടുകാരാണ് രോഹന്റെ കാര്യം പറഞ്ഞത്.
എന്തുകാര്യങ്ങളും അവർ തമ്മിൽ പറയാറുണ്ടായിരുന്നത്രേ…
രോഹനെ താൻ പോയി കണ്ടു. ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ല.
പിന്നെ അയാളുടെ മുന്നിൽവച്ച് താൻ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞു.
അപ്പോഴാണയാൾ എല്ലാം പറഞ്ഞത്.
തന്റെ മരണമൊഴിവാക്കാനായി അപ്പു ചെയ്ത ത്യാഗം.
തേങ്ങിപ്പോയി താൻ.
ദേവപ്രയാഗിലേക്കാണു പോകുന്നതെന്നും ഇനി മടങ്ങിവരില്ലെന്നും രോഹനെ അപ്പു അറിയിച്ചിരുന്നു. ആ വാക്കുകളാണ് തന്നെ ഇവിടെ എത്തിച്ചത്.
അന്വേഷിച്ചുവരാൻ മറ്റാരുമില്ല. എവിടെ പോയി കണ്ടുപിടിക്കുമെന്നു നിശ്ചയമില്യ, കണ്ടുമുട്ടുമോയെന്നും അറിയില്ല. പ്രതീക്ഷ മാത്രം ബാക്കി.
അഞ്ജലിയെയും കൊണ്ട് ആ കാർ ദേവപ്രയാഗിലേക്കു യാത്ര തുടർന്നു.
നദികൾ സംഗമിക്കുന്നിടത്ത് ഒട്ടേറെ ആശ്രമങ്ങളുണ്ടായിരുന്നു.
അതിനു മുന്നിൽ കൂട്ടം കൂടി നിൽക്കുന്ന സന്ന്യാസിമാരും ബ്രഹ്‌മചാരിമാരും.
അവരിൽ പലരെയും അപ്പുവിന്റെ ചിത്രം കാട്ടി. എന്നാൽ ആർക്കും മനസ്സിലായില്ല.
ഒടുവിൽ ഒരു മലയാളി,
കണ്ണൻ, ഒരു ഒറ്റപ്പാലത്തുകാരൻ…
അയാൾ ചിത്രം കണ്ട് ഒന്നു ഞെട്ടി.
‘ഇതു അനോഖി ബാബയെപ്പോലിരിക്കുന്നു'
അയാൾ പറഞ്ഞു.
‘അനോഖി ബാബയോ'
അഞ്ജലി അയാളോടു ചോദിച്ചു.
‘അതെ, ബാബ മലയാളിയാണ്.15 വർഷം മുൻപ് ഇവിടെത്തിയതാ. ഇപ്പോ 36ാം വയസ്സിൽ തന്നെ ഇവിടത്തെ ഹരിഗോവിന്ദ് മന്ദിർ ആശ്രമത്തിന്റെ മഠാധിപതിയായി. വലിയ ജ്ഞാനിയാണ്.'
അനോഖി ബാബ തന്റെ അപ്പുവാണെന്നുള്ള പ്രതീക്ഷ അഞ്ജലിക്കുള്ളിൽ നിറഞ്ഞു വന്നു.
കണ്ണൻ പറഞ്ഞതനുസരിച്ച് ലക്ഷണങ്ങളെല്ലാം കിറുകൃത്യം. മഞ്ഞിൽ മൂടി നിന്ന പോലെയുള്ള മനസ്സിൽ ഒരു സൂര്യോദയം സംഭവിക്കുന്നത് അവളറിഞ്ഞു.
ഹർഗോവിന്ദ് മന്ദിർ ആശ്രമത്തിലേക്കു കയറുമ്പോൾ അവളുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു.
‘
അപ്പു, എങ്ങനെയുണ്ടാകും ഇപ്പോൾ, തടിച്ചിട്ടുണ്ടാകുമോ, അതോ മെലിഞ്ഞിട്ടുണ്ടാകുമോ?
അവൻ എന്നെ ഓർക്കുന്നുണ്ടാകുമോ?
ഇനി….ഇനി അവൻ തന്നെ തിരിച്ചറിയാതെയിരിക്കുമോ?
ആയിരം ചോദ്യങ്ങൾ അവളുടെ നെഞ്ചിൽ അലയടിച്ചു.
ആശ്രമത്തിന്റെ ഇടനാഴികളിലൂടെ പ്രാർഥനാഗൃഹത്തിലേക്ക് അവൾ നടന്നു.
അവിടെ ഒരുകൂട്ടം വിശ്വാസികളോ സന്ന്യാസിമാരോ ആണെന്നു തോന്നുന്നു.
അവർ പ്രാർഥനയ്ക്കായി നിൽക്കുന്നു.
അവരെല്ലാം വെള്ളവസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്.
പെട്ടെന്ന് ഒരു മണിശബ്ദം കേട്ടു.
കാവി വസ്ത്രം ധരിച്ച ഒരു നീളമുള്ള ആൾ കൈയിൽ വലിയ ഒരു കൂട്ടവിളക്കുമായി ആ കൂട്ടത്തിലേക്കു വരുന്നു.
അയാളുടെ കൈയിലെ വിളക്കിൻ കൂട്ടത്തിൽ നിന്നുള്ള തീനാളത്തെ വണങ്ങുകയാണ് കൂടി നിന്നവർ.
ഒരു സഹായി കൂടെ നടക്കുന്നു.
അയാളുടെ മറവ് കാരണം കൂട്ടവിളക്ക് പിടിച്ചയാളെ ശരിക്കു കാണാൻ സാധിക്കുന്നില്ല.
അഞ്ജലി കുറച്ചുകൂടി മുന്നോട്ടു കടന്നു നിന്നു.
സഹായി കുറച്ചു പിന്നിലേക്കു മാറി.
കാവിവസ്ത്രം ധരിച്ച ആ സന്ന്യാസിയെ അഞ്ജലി ശരിക്കും കണ്ടു.
വെളുത്തു നീളമുള്ള സുന്ദരനായ പുരുഷൻ,അയാൾ നീണ്ട മുടിയും താടിയും വളർത്തിയിരുന്നു.
ആത്മീയമായ തേടലുകൾക്കും ശമിപ്പിക്കാനാകാത്ത ദുഖം ആ മുഖത്തും കണ്ണുകളിലും ഘനീഭവിച്ചു കിടന്നു.
ഒറ്റ നോട്ടത്തിൽ അഞ്ജലി ആ പുരുഷനെ തിരിച്ചറിഞ്ഞു.
അനോഖി ബാബ. തന്റെ അപ്പു.
അവളുടെ ഹൃദയത്തിൽ ആയിരം പുഴകൾ ഒന്നിച്ചു പൊട്ടിയൊഴുകി. ഒടുവിൽ ഇതാ….15 കൊല്ലത്തെ തേടലുകൾക്കു ശേഷം.
അഗ്നിനാളം തൊട്ടുതൊഴാൻ നിന്നവരുടെ കൂട്ടത്തിലേക്ക് അവളും കൂടി.
അനോഖി ബാബ അവൾക്കു സമീപമെത്തി.
‘രാധേ ശ്യാം, രാധേ ശ്യാം..' അയാളുടെ സഹായി ഉച്ചത്തിൽ പ്രാർഥനാ മന്ത്രം ചൊല്ലി.
കൂടി നിന്നവർ ഏറ്റു ചൊല്ലിക്കൊണ്ട് ആ അഗ്നിനാളത്തിനു സമീപത്തേക്കു തങ്ങളുടെ കൈകൾ നീട്ടി.
നിമിഷങ്ങൾ കടന്നു.
അനോഖി ബാബയും സഹായിയും വിളക്കുമായി അഞ്ജലിക്കു മുന്നിലെത്തി.
തന്റെ മനോഹരമായ കൈകൾ അവൾ ആ വിളക്കിൻ നാളത്തിലേക്കു നീട്ടി.
മുന്നോട്ടു നോക്കി നിന്ന അനോഖി ബാബയുടെ ശ്രദ്ധ ഒരു നിമിഷം ആ കൈകളിലേക്കു വീണു.
പരിചിതമായ കൈകൾ,
തന്റെ പ്രാണപ്രേയസിയുടെ കൈകൾ.
അപ്പു വിറയലോടെ നോട്ടമുയർത്തി.
തനിക്കു നേരെ ജ്വലിക്കുന്ന നോട്ടമെറിഞ്ഞു നിൽക്കുന്ന അഞ്ജലി.
അവളുടെ കൺകോണുകളിൽ കോപമാണോ സഹതാപമാണോയെന്നു തിരിച്ചറിയാനാകാത്ത വികാരം.
അനോഖി ബാബയെന്ന അപ്പു ഞെട്ടി പിന്നോക്കം മാറി.
വിളക്കിലെ തീനാളം കെട്ടു.
അയാളുടെ ചുണ്ടുകളിൽ അവളുടെ പേര് പ്രകമ്പനം കൊണ്ടു….
‘അഞ്ജലി”….
ദേവപ്രയാഗിന്റെ ആകാശത്ത് മേഘങ്ങൾ ഉരുണ്ടുകൂടി.
മഞ്ഞുപുതച്ചു നിൽക്കുന്ന ഭൂമിയിലേക്കു മഴ ചാറിപ്പെയ്തു. തണുപ്പിന്റെ എല്ലാ രസവുമുൾക്കൊണ്ടുള്ള മാരിപ്പെയ്ത്ത്.
‘സബ് ഫാഗോ..'
കൂട്ടം കൂടി നിന്നവർ മഴകൊള്ളാതെ പലസ്ഥലങ്ങളിലേക്ക് ഓടിപ്പോയി.
ഹരിഗോവിന്ദ് മന്ദിറിന്റെ വിശാലമായ നടുമുറ്റത്ത് മഴയിൽ നനഞ്ഞ് അപ്പുവും അഞ്ജലിയും നിന്നു.
അഞ്ജലിയുടെ നെറ്റിയിൽ തൊട്ടിരുന്ന സിന്ദൂരം പടർന്ന് അവളുടെ മുഖത്തേക്കൊഴുകി.
കുറേ നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല.
മെല്ലെ മഴ ശമിച്ചു.
നനഞ്ഞ മുടിയും താടിയും കാവി അംഗവസ്ത്രവുമായി അപ്പു അവളെത്തന്നെ ചലനമറ്റതുപോലെ നോക്കി നിന്നു.
‘അപ്പൂ' അഞ്ജലി വിളിച്ചു, ‘സുഖമാണോ…'
അവളുടെ ആ ചോദ്യത്തിൽ വെറുപ്പോ ദേഷ്യമോ ഇല്ലായിരുന്നു.
മഴയത്ത് ആർദ്രമായ പൂവിന്റെ ഇതൾ പോലെ ആ ചോദ്യം അപ്പുവിനെ കുത്തി.
‘സുഖം, അഞ്ജലി എന്നെ എങ്ങനെ കണ്ടുപിടിച്ചു. ഞാൻ….'
അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ കൈയുയർത്തി തടഞ്ഞു.
‘എല്ലാം അറിഞ്ഞാണു ഞാൻ വന്നിരിക്കുന്നത്. രോഹൻ എന്നോട് എല്ലാം പറഞ്ഞു.'
അപ്പുവിന്റെ മുഖത്തു പ്രത്യേകിച്ചു ഭാവഭേദമൊന്നുമുണ്ടായില്ല.
‘അഞ്ജലി ഇവിടെ എങ്ങനെ കഴിയും, എത്രനാളുണ്ടാകും?'
അപ്പു ചോദിച്ചു.
‘എനിക്കറിയില്ല.'
അഞ്ജലി പറഞ്ഞു.
‘ആശ്രമത്തിൽ കഴിയാം….'
അപ്പു അവളോടു പറഞ്ഞു.
‘വേണ്ട, ഞാൻ ഗംഗാസാഗർ നികുഞ്ജിൽ ഒരു റൂം എടുത്തിട്ടുണ്ട്.'
അവൾ പറഞ്ഞു.
‘പൂജ തുടങ്ങാൻ സമയമായി'
അപ്പു പറഞ്ഞു.
‘അഞ്ജലി പോയ്ക്കോളൂ'
അഞ്ജലി വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു.
[ തുടരും ]