എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
ഒരുഭാഗത്ത് അപ്പു അഗ്നിപർവതം പോലെ പുകയുമ്പോൾ ഇതൊന്നും അറിയാതെ ഉറക്കത്തിലേക്കു വഴുതിവീഴുകയായിരുന്നു അഞ്ജലി.
സുഖപൂർണമായ സ്വപ്നങ്ങൾ അവളുടെ ഉറക്കത്തെ കനിഞ്ഞനുഗ്രഹിച്ചു.
പിറ്റേന്നു രാവിലെ അഞ്ജലി ഉറക്കമെഴുന്നേറ്റപ്പോൾ അപ്പു അവളുടെ സമീപത്തുണ്ടായിരുന്നില്ല.
അവൻ അവിടെയെങ്ങുമുണ്ടായിരുന്നില്ല.
ഒരു മനുഷ്യന് ഇങ്ങനെ മാഞ്ഞുപോകാൻ പറ്റുമോ?
പറ്റുമായിരിക്കും. ആദ്യം അഞ്ജലിയും പിന്നെ അവളുടെ വീട്ടുകാരും അവനെ എല്ലായിടത്തും തേടിയെങ്കിലും കണ്ടെത്താനായില്ല.
ഒടുവിൽ കട്ടിലിന്റെ താഴെ നിന്ന് ഒരെഴുത്ത് അഞ്ജലിക്കു കിട്ടി.
അവളുടെ അപ്പു അവൾക്കായി എഴുതിവച്ച അവസാനത്തെ എഴുത്ത്.
‘പ്രിയ അഞ്ജലീ,
ഞാനെന്നും ഭാഗ്യം കെട്ടവനാണ്, എന്നും…
എല്ലാമെല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാൻ യോഗമില്ലാത്തവൻ.
എന്റെ കാതിൽ മുഴങ്ങുന്ന ഈ മുഖാരി രാഗം എന്നെ ഭ്രാന്തനാക്കുന്നു. ഞാൻ വിട്ടകലുന്നു, പോയ്മറയുന്നു…ആഴത്തിൽ പൊലിയുന്ന ഒരു നക്ഷത്രം കണക്കേ…
എന്നെയോർത്തു നീ സങ്കടപ്പെടും.അതിനെ തടയാൻ എനിക്കാവില്ല. പക്ഷേ നിന്നെ ദുർവിധിയിലേക്കു തള്ളിവിടാൻ എനിക്കു വയ്യ. ഞാൻ പോയ്മറയുന്നു.
സങ്കടം മാറുമ്പോൾ എന്റെ അഞ്ജലി എന്നെ മറക്കണം.
പൂർണമായും…എന്നിട്ട് സന്തോഷവതിയായി ജീവിക്കണം.
ഇനിയും സ്‌നേഹം കണ്ടെത്തണം,
കുടുംബമുണ്ടാകണം…..ഞാൻ ഒരു മിഥ്യയായിരുന്നു അഞ്ജലി.