എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘ഞാനും മരിച്ചാൽ നക്ഷത്രമായി മാറുമായിരിക്കും അല്ലേ അപ്പൂ,അപ്പോ അപ്പൂ എന്നെ ഇതുപോലെ നോക്കി നിൽക്ക്വോ…’
അവളുടെ തോളിൽ ചാഞ്ഞു കിടന്ന അപ്പുവിന്റെ ഉള്ളിൽ ആയിരം പ്രതിഫലനങ്ങളോടെ ഇടിത്തീ മാതിരിയുള്ള ആ ചോദ്യം വന്നുവീണു.
അപ്പു ഞെട്ടിപ്പിടഞ്ഞ് അവളിൽ നിന്നു തെന്നിമാറി.
‘എന്താ ചോദിച്ചേ എന്താ ചോദിച്ചേന്ന് ‘
അലറുകയായിരുന്നു അവൻ.
മരണത്തിന്റ മുഖാരി രാഗം അവന്റ കാതിൽ വീണ്ടും വന്നല്ച്ചിരുന്നു.
വെറുതേ ചോദിച്ചതാ, ടെൻഷനാകാതെ അവൾ
കൈയുയർത്തി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
‘അല്ല, വെറുതെയല്ല, എന്റെ ജനനം കൊണ്ട് എന്റെ അമ്മയെ നഷ്ടപ്പെട്ടു. ഇനിയൊന്നും നഷ്ടപ്പെടുത്താൻ എനിക്കാവില്ല,’
അവന്റെ ചിലമ്പിച്ച ഒച്ച ഉയർന്നു. അവൻ ധൃതിപ്പെട്ട് ബാൽക്കണിയിൽ നിന്നു കിടപ്പുമുറിയിലെ കട്ടിലിൽ വന്നു കിടന്നു. അഞ്ജലിയുടെ ചോദ്യം അവനെ തകർത്തുകളഞ്ഞിരുന്നു.
അഞ്ജലി അവനു സമീപം കിടന്നു. തന്റെ കൈകൾ കൊണ്ട് അവനെ പുണർന്നു. അപ്പു പ്രതികരിച്ചില്ല.
‘സോറി അപ്പൂ, കാര്യമായെടുക്കാതെ. എന്നെ നിനക്ക് ഒരുകാലത്തും നഷ്ടപ്പെടാൻ പോണില്ല.’
അവൾ പറഞ്ഞു.
കിടന്നുറങ്ങ് അഞ്ജലീ, എനിക്കു തല വലിക്കുന്നു. രാവിലെ സംസാരിക്കാം. അവൻ പറഞ്ഞു.
‘ശരി, കിടന്നുറങ്ങിക്കോ കള്ളച്ചെക്കാ….’
അവന്റെ മുഖത്ത് ഒരു ചുംബനം നൽകി അവനെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ട് അവൾ പറഞ്ഞു.