എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘അപ്പോ അച്ഛമ്മ പറയും, കുട്ടന്റ അമ്മ എങ്ങും പോയിട്ടില്യാലോ, ദേ അങ്ങകലെ ആ നക്ഷത്രക്കൂട്ടത്തിലൊരെണ്ണം മോൻ്റെ അമ്മയാണല്ലോയെന്ന്.
മാനത്തിരുന്ന് എന്നെ നോക്കാത്രേ എന്റെ അമ്മ.
അന്നു മുതൽ ഞാൻ നോക്കുന്നതാ, ഏതാ ആ നക്ഷത്രമെന്ന്, എന്റ അമ്മയെ തേടുന്നതാ..ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിയാം.
എന്നാലും നോക്കുന്നതാ..എനിക്കു നഷ്ടപ്പെട്ട എന്റ അമ്മയെ…’
അവൻ അതു പറഞ്ഞുതീരുമ്പോളേക്കും അവന്റ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു.
‘ഹേയ് അപ്പൂ..കരയാതെ.’
അവന്റ കണ്ണിൽ നിന്നൊഴുകിയിറങ്ങിയ കണ്ണീർ തന്റ ലോലമായ വിരലുകളാൽ തുടച്ചുകൊണ്ട് അഞ്ജലി പറഞ്ഞു.
അപ്പോളവൾക്ക് അവനോടു തോന്നിയതു വാൽസല്യമാണ്.
എന്തോ നഷ്ടപ്പെട്ടു കരയുന്ന കാണാൻ ഭംഗിയുള്ള ഒരു കുട്ടിയോടു തോന്നുന്ന വാൽസല്യം.
അവൾ അവന്റ മുഖം തന്റെ തോളിലേക്കടുപ്പിച്ചു.
പയ്യെ അവന്റ തലയിൽ കൊട്ടി.
നേരിയ ചുരുളിപ്പുള്ള അവന്റ ചെമ്പൻ മുടിയിഴകളിലൂടെ തന്റ നീണ്ട വിരലുകളോടിച്ചു.
പ്രണയം മുതൽ വാൽസല്യം വരെ. …..എത്രയൊക്കെ വികാരങ്ങളാണ് ഒരു സ്ത്രീക്കു തന്റെ ഭർത്താവിനോടു തോന്നാവുന്നതെന്നു മനസ്സിലാക്കുകയായിരുന്നു അ്ഞ്ജലി.
അലൗകികമായ ഒരു സുഗന്ധം അവരെ പൊതിഞ്ഞു.
‘ഞാനൊന്നു ചോദിച്ചോട്ടെ അപ്പൂ,’
അവൾ അവന്റെ കാതിൽ ചോദിച്ചു. അവനൊന്നും മിണ്ടിയില്ല. അവൻ മിണ്ടാൻ അവളാഗ്രഹിച്ചതുമില്ല.