എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘എനിക്കെന്തോ വല്ലായ്മ അഞ്ജലി, രാവിലെ മുതൽ തുടങ്ങിയതാ മാറുന്നില്ല.’
അവൻ അവളോടു പറഞ്ഞു.
‘ആണോ…’
ദേഷ്യത്തിലും പരിഭവത്തിലും നിന്ന അഞ്ജലി ഒരുനിമിഷം കൊണ്ടു അലിഞ്ഞുപോയി.’
അയ്യോ ചൂടുണ്ടല്ലോ,’
അവന്റ നെറ്റിയിൽ കരതലം അമർത്തി അവൾ പറഞ്ഞു.
അപ്പു വീണ്ടും നിറഞ്ഞ ആകാശത്തേക്കു നോക്കി നിന്നു.
‘അപ്പൂ വാ പോയി കിടക്കാം, ഒന്നു കിടന്നുറങ്ങിയാൽ നാളെയാകുമ്പോഴേക്കും ജലദോഷം മാറും.’
അവൾ അവന്റ കൈയിൽ പിടിച്ചു വലിച്ചു.
‘ഞാൻ വന്നേക്കാം, അഞ്ജലി പൊയ്‌ക്കോ’
അവൻ പറഞ്ഞു.
‘ഇപ്പോ പോകുന്നില്ല, ഞാൻ പലതവണ ചോദിച്ചിട്ടുണ്ട് എന്തിനാ ഇങ്ങനെ ആകാശം നോക്കി നിൽക്കുന്നേന്ന്… അപ്പു ഉത്തരം പറഞ്ഞിട്ടില്ല,’
അവൾ മുഖം വീർപ്പിച്ചു പരിഭവിച്ചു.വെളുത്ത സാരിയിൽ ഒരു മാലാഖയെപ്പോലെയുണ്ടായിരുന്നു അഞ്ജലി അപ്പോൾ.
‘ദാ ആകാശത്തേക്കു നോക്കൂ, അവിടെയെന്താ കാണണേ….’
അവൻ അവളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടു കൈനീട്ടി.
‘ഔ..അവിടെയെന്താ കാണണേ..നക്ഷത്രങ്ങൾ അല്ലാണ്ടെന്താ’
അവൾ ചോദിച്ചു.
‘വെറും നക്ഷത്രങ്ങളല്ല, നക്ഷത്രപ്പൂക്കൾ. അഞ്ജലിക്കറിയാമോ, എന്റ അമ്മയെക്കണ്ട ഓർമ്മ എനിക്കില്യ, ഞാൻ ജനിച്ചുടൻതന്നെ അമ്മ ഞങ്ങളെയെല്ലാം വിട്ടുപോയി, എന്നെന്നേക്കുമായി.
കുട്ടിക്കാലത്ത് സന്ധ്യാനേരത്ത് ഉമ്മറപ്പടിയിലിരുന്നു തൈരിൽ കുഴച്ച ചോറുരുളകൾ എന്റ വായിലേക്ക് അച്ഛമ്മ വച്ചുതരുമ്പോൾ ഞാൻ ചിണുങ്ങും. അച്ഛമ്മേ എന്റ അമ്മയെവിടേന്നും ചോദിച്ച്. അപ്പോ അച്ഛമ്മേടെ കണ്ണു നിറയും. ഒടുവിൽ ഞാ്ൻ ചോദിക്കും. അച്ഛമ്മേ എന്റ അമ്മ അപ്പുകുട്ടനെ വിട്ടു സ്വർഗത്തിൽ പോയില്ലേന്ന്.’