എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
രാത്രിയിൽ കിടക്കറയ്ക്കു വെളിയിലുള്ള ബാൽക്കണിയിൽ താരനിബിഡമായ ആകാശത്തേക്കു നോക്കി നിൽക്കുന്ന അപ്പുവിനു സമീപമെത്തി അഞ്ജലി അവളുടെ പരിഭവക്കെട്ടഴിച്ചു.
ദൈന്യതയോടെ ഒരു നോട്ടം മാത്രമായിരുന്നു അപ്പുവിന്റ മറുപടി.
‘അപ്പുവിന് എന്നോട് ഇപ്പോഴും ദേഷ്യമാണല്ലേ, ഇല്ല ഒരുകാലത്തും ഇതുമാറില്ല.എൻ്റെ അപ്പുവിന് എന്നോടു വെറുപ്പാണ് ‘
അവൾ അതു പറഞ്ഞപ്പോൾ നീർക്കണങ്ങൾ അവളുടെ കവിളിലേക്ക് ഒഴുകിയിറങ്ങി.
അപ്പുവിന്റ ഇടനെഞ്ചു പൊട്ടിപ്പിളർന്നു. അവന് ഒന്നും സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
വെറുപ്പ്, തനിക്ക്, തന്റെ അഞ്ജലിയോട്. ഇല്ല മോളെ ഒരുകാലത്തും നിന്നെ വെറുക്കാൻ ഈ അപ്പുവിനാകില്ല.
അവന്റെ അന്തരംഗം മന്ത്രിച്ചു.
എല്ലാം അഞ്ജലിയോടു തുറന്നു പറയണോയെന്ന് അവൻ ചിന്തിച്ചു. പറഞ്ഞാൽ?
ഒരു ജ്യോത്സ്യന്റെ വാക്കുകളൊന്നും വിശ്വസിക്കാൻ അവൾ തയാറാകില്ല. തന്നോടുള്ള സ്‌നേഹം അവളെ ഒരു ഭ്രാന്തിയാക്കിയിട്ടുണ്ട്. അവൾ മുൻകൈയെടുത്താൽ തനിക്കും പിടിച്ചു നിൽക്കാനാവില്ല. തങ്ങൾ തമ്മിലുളള ഏറ്റവും വികാരപരമായ ബന്ധത്തിലേക്ക് അതു നയിക്കും.
അപ്പോൾ…..അവൾ മരിക്കും..
തന്റെ അഞ്ജലിയുടെ മരണത്തിനു താൻ തന്നെ കാരണമാകും. പാടില്ല,അതു പാടില്ല…ഒരിക്കലും പാടില്ല.
അപ്പു ഇതികർത്തവ്യമൂഢനായി ഇരുന്നു.