എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
തന്റെ നെഞ്ചിലേക്ക് എന്തോ നനവ് പടർന്നൊഴുകുന്നത് അവൻ അറിഞ്ഞു.
അതവളുടെ വലിയ മിഴികളിൽ നിന്നൊലിച്ച കണ്ണീരായിരുന്നു.
അവളുടെ വാക്കുകൾ… അവളുടെ കണ്ണീർ…അവളുടെ മോഹങ്ങൾ…..അതെല്ലാം അവനെ വേദനിപ്പിച്ചു..
ചുട്ടുവേദനിപ്പിച്ചു.
മുഖാരി രാഗം ഉച്ചത്തിലായിരിക്കുന്നു.
അവന്റെ ഉള്ളിൽ പ്രചണ്ഡതാളം മുറുകി.
കണ്ണീരിന്റെ കടലാഴങ്ങളെ നെഞ്ചിലേക്കാവാഹിക്കുന്ന സമുദ്രശില കണക്കേ അപ്പു നിശ്ചലം നിന്നു.
‘പോകാം,’
അവളുടെ തലമുടിയിൽ തലോടി അവൻ പറ്ഞ്ഞു.
കിഴക്കൻ മലകളിൽ നിന്നുവീശുന്ന തണുത്തകാറ്റു പോലെ അവൻ ശബ്ദം മരവിച്ചിരുന്നു.
അവന്റെ നെഞ്ചിലേക്കു തലയമർത്തി അവൾ മൂളി.
‘അതേ, അമ്മയാവാനുള്ള ട്രെയിനിങ് ഇന്നു മുതൽ തുടങ്ങണം കേട്ടോ…’
പറഞ്ഞതും അവൾ അവന്റെ കവിളിൽ നുള്ളി.
ഒരു നീറ്റൽ അപ്പുവിന്റ ഉള്ളിൽ അനുഭവപ്പെട്ടു.
തിരിച്ചു വീട്ടിലെത്തിയിട്ടും അപ്പു മൗനം തുടർന്നു.
അഞ്ജലി ഊണു വിളമ്പിക്കൊടുക്കുന്നതിനിടയിലും പിന്നീടുമൊക്കെ അവനോട് ഒട്ടി നിന്നു സംസാരിച്ചിട്ടും സ്‌നേഹം കാട്ടിയിട്ടുമൊന്നും അവൻ അലിഞ്ഞില്ല.
തങ്ങൾക്കിടയിൽ ഒരു കരിങ്കൽമതിൽ ഉയർന്നതുപോലെ അഞ്ജലിക്കു തോന്നി.
ഇതുവരെയില്ലാത്തതുപോലെ ദൃഢമായ ഒരു വൻമതിൽ.
‘അപ്പൂ എന്തായിത്, എന്നോടുള്ള പിണക്കം മാറിയെന്നു പറഞ്ഞിട്ട് ഒന്നും മിണ്ടണില്ലല്ലോ..’