എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – അവളുടെ ആ ചിരി, സ്വർഗം കിട്ടിയ സന്തോഷം പോലെയുള്ള ആ ചിരി. ആ ചിരി അവന്റെ നെഞ്ചിൽ കൊളുത്തിപ്പിടിച്ചു.
ദൂരെയെവിടെയോ നിന്നു മുഖാരി രാഗത്തിൽ ഒരു കീർത്തനം ഉയർന്നു കേട്ടു.
മുഖാരി….മരണത്തിന്റെ രാഗം.
താൻ അഞ്ജലിയുടെ മരണമാണ്. തന്നോട് അവൾക്കുള്ള സ്നേഹം അതിലേക്കുള്ള വഴിയും.
പാടില്ല, ഒരിക്കലും പാടില്ല, താൻ മൂലം ഒരിക്കലും തന്റെ അഞ്ജലി തീപ്പെടാൻ പാടില്ല. അത്രയ്ക്കിഷ്ടമാണ് തനിക്ക് അവളെ..
എന്റെ എല്ലാമെല്ലാമായ അഞ്ജലിയെ.
‘എന്തേ? ‘….
ചിരി നിർത്താതെ തന്നെ വലിയ കണ്ണുകളാൽ അവനെ അടിമുടി നോക്കി അഞ്ജലി ചോദിച്ചു.
‘ അഞ്ജലിക്ക്….അഞ്ജലിക്ക് ഇനിയെന്നെ വെറുക്കാൻ കഴിയുമോ’
അപ്പുവിന്റെ ചോദ്യം നിഷ്‌കളങ്കമായിരുന്നു.
നോവിന്റെ ഒരായിരം പൂക്കൾ ആ ശബ്ദത്തിലുണ്ടായിരുന്നു.
‘വെറുക്കാനോ എന്താ അപ്പു ഈ പറേണേ,’
അവന്റെ നെറ്റിയിൽ ചന്ദനക്കുറിതൊട്ട്, അവന്റെ നെഞ്ചിലേക്കു ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
‘എനിക്കു പറ്റില്ല, എന്റെ അപ്പുവിനെ നാൾക്കു നാൾ സ്നേഹിക്കാനേ എനിക്കു കഴിയൂ’
ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.
‘എനിക്കു ജീവിക്കണം, എന്റെ അപ്പുവിന്റെ സ്നേഹവുമായി, നിന്റെ ഭാര്യയായി, കുട്ടികളുടെ അമ്മയായി, പിന്നെ പേരക്കുട്ടികളുടെ അമ്മൂമ്മയായി.’
അവന്റെ നെഞ്ചിലേക്കു മുഖം വച്ചു അവൾ പിറുപിറുത്തു.