ചേറിൽ വീണ പൂവ്
‘ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്.’ ഞാൻ വളർന്ന സെന്റ് മേരിസ് കോൺവെന്റിലെ അമ്മ പറഞ്ഞറിയാം. എന്നെ വഴി വക്കിലെ ഏതോ ചവറ്റു കൂനയിൽ നിന്നോ ചേറിൽ നിന്നോ മറ്റോ കിട്ടിയതാണെന്നു.
ചേറിൽ നിന്നും ഞങ്ങൾക്ക് കിട്ടിയ പൂവാണ് ഇവളെന്നു ആ മഠത്തിലെ അമ്മമാർ പറയുമ്പോൾ എനിക്കേറ്റവും സന്തോഷമായിരുന്നു. ആ അമ്മമാർ ഇന്ന് അറിയുന്നുണ്ടോ ഈ പൂവ് വീണ്ടും ചേറിൽ വീണു പോയിരിക്കുന്നു എന്ന്. റീത്തയുടെ കണ്ണുകൾ നനഞ്ഞു തുടങ്ങി.
ദൂരെക്കാഴ്ചകളിലേക്കു കണ്ണും നട്ട് അവൾ കണ്ണുനീർ ഒളിപ്പിച്ചു. നാട് കാണാൻ വന്ന എതോ സായിപ്പു ഇവളുടെ അമ്മക്ക് സമ്മാനിച്ചു പോയ മുതലാണ് ഇവളെന്നു ഇവളുടെ കളർ കണ്ടാൽ അറിയില്ലേയെന്നു എബിയുടെ കൂട്ടുകാർ പറഞ്ഞതും നല്ല വീട്ടിൽ ജനിച്ചിരുന്നെങ്കിൽ നമുക്കിവളെ കിട്ടില്ലായിരുന്നു എന്ന് പറഞ്ഞു അവർ ആർത്തു ചിരിച്ചതും റീത്തയുടെ മനസ്സിലെ മുറിവുകളായി.
സത്യമാണ്. താനെന്തിനാണ് ഇങ്ങനെ ജീവിച്ചിരിക്കുന്നതെന്നു അവൾക്കു തോന്നി തുടങ്ങിയിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്തു രമ എന്ന സഹപാഠിയുടെ ദുരൂഹമായ ആത്മഹത്യ അവളുടെ മനസ്സിൽ കടന്നു വന്നു.
അന്ന് കൂട്ടുകാരെയെല്ലാം സമാധാനിപ്പിച്ചതും ആത്മഹത്യയല്ല പെൺകുട്ടികൾ അനുഭവിക്കുന്ന ചൂഷണങ്ങളെ ഒരുമിച്ചു നിന്ന് എതിർക്കുന്നതാണ് എല്ലാത്തിനും പരിഹാരമെന്ന ഘോരഘോരം പ്രസംഗിച്ചതും റീത്തയാണ്. ഇന്നെവിടെ പോയി ആ ഊർജവും ധൈര്യവും എല്ലാം. അതങ്ങനെ ആണ്.