ചന്ദ്രന് കൂട്ടിനാരൊക്കയാ
എനിക്കു മുമ്പേ തന്നേ പെണ്ണുങ്ങള് ഉണർന്നിരിക്കുന്നു. അടുക്കളമുറ്റത്ത് ഒരു മൺകലം ഇരിപ്പുണ്ട്, അതില് നോക്കി. കഷ്ടിച്ച് കുറച്ചു വെള്ളം കാണും. അടുത്തു തന്നേ ഒരു കറുത്ത ടാർ വീപ്പ ഇരിക്കുന്നു അതിന്റെ
തടിയടപ്പു പൊക്കി നോക്കി.
അതിലും അടിയില് അല്പം വെള്ളമേ ഉള്ളു. പേസ്റ്റ് തേച്ച് ബ്രഷെടുത്ത് അരയില് തിരുകി. അടുക്കളത്തിണ്ണയില് ഒരു അലുമിനിയം കലവും ചെപ്പുകുടവും ഇരിക്കുന്നു. അതു രണ്ടുമെടുത്ത് കിണറ്റുകരയിലേക്കു നടന്നു. തോട്ടുവക്കില്
കുറ്റിക്കാട്ടിന്റെ സഹായത്തോടെ കർമ്മങ്ങള് നടത്തി. വീട്ടില് ചെയ്യുന്ന പതിവുവ്യായാമങ്ങളും
ചെയ്തു. എല്ലാം കഴിഞ്ഞ് കുടങ്ങളില് വെള്ളം നിറച്ചു. അപ്പോഴേക്കും അയല്പക്കത്തെയാവും ഒന്നുരണ്ടു പെണ്ണുങ്ങള് വെള്ളം കോരാനെത്തി.
ഞാൻ പാത്രങ്ങള് തോളിലെടുത്ത് വീട്ടിലേക്കു നടന്നു. വീപ്പയില് വെള്ളമൊഴിച്ചു. മൂന്നുനാലു പ്രാവശ്യം കൊണ്ട്
വീപ്പ ഏതാണ്ടു നിറയാറായി. എങ്കില് പിന്നെ നിറച്ചേക്കാം, എനിയ്ക്കൊരു വ്യായാമവുമായല്ലൊ. അടുത്ത ട്രിപ്പു കഴിഞ്ഞു വരുമ്പോൾ അടുക്കളവശത്തേ വാതില്ക്കല് എന്നേത്തന്നേ നോക്കി നില്ക്കുന്ന എളേമ്മ. മുറ്റത്തരികില് പല്ലു തേച്ചുകൊണ്ടു നില്ക്കുന്ന കുമാരേട്ടൻ.
തിണ്ണയിലിരിക്കുന്ന കലമോൾ. അഭിയെ കണ്ടില്ല. അടുക്കളയിലാവും. എല്ലാവരുടേയും മുഖത്ത് അമ്പരപ്പിന്റെ ഭാവം.
‘ എന്തിനാ ചന്ദ്രാ.. രാവിലേ നീയീ വെള്ളം എല്ലാം കോരുന്നത്… ഇവിടെന്താ.. കല്യാണമോ മറ്റോ ഉണ്ടോ? ….’ കുമാരേട്ടൻ ചോദിച്ചു.
‘ നോക്കിയപ്പം പാത്രത്തില് ഒട്ടും ഇല്ലാരുന്നു… വെള്ളം എല്ലാവരക്കും വേണ്ടേ? …’ ഞാൻ
ഭവ്യതയോടെ പറഞ്ഞു.
‘ ഇവിടെ പെണ്ണുങ്ങളു കൊണ്ടു വന്നോളുമല്ലോ… നിന്റെ അമ്മയെങ്ങാനുമറിഞ്ഞാ… ‘
‘ ഓ… ഇതെനിയ്ക്കോരു വ്യായാമാ കുമാരേട്ടാ…. അല്ലെങ്കിലും വീട്ടില് ഞാനും ജോലിയൊക്കെ ചെയ്യുന്നതാ… ‘
‘ ങൂം … മതി.. ചൊമന്നോണ്ടു നിക്കാതെ ഒഴിക്ക്… “
‘ വൈകുന്നേരം … വ്യായാമത്തിനു പകരം…. വെറക്ക് വെട്ടിത്തരാം… എനിക്കിഷ്ടപ്പെട്ട
പണിയാ….’
‘ നീയെന്താ… ഇവിടെ വെള്ളം കോരാനും വെറകു വെട്ടാനുമാണോ വന്നത്… പോയിരുന്നു പഠിക്കാൻ നോക്ക്….’
‘ സാരമില്ല കുമാരേട്ടാ… എന്നേക്കൊണ്ട്… ആകാവുന്ന സഹായം… അത്രേയൊള്ളു….’ ഞാൻ ചായ്പിലേക്കു കയറി.
പ്രാതലിനു കൊള്ളി പുഴുങ്ങിയതും കാന്താരി മുളകു ചമ്മന്തിയുമായിരുന്നു. എന്റെ പ്രിയപ്പെട്ട വിഭവങ്ങള്. കുമാരേട്ടനു കഞ്ഞി, കാരണം കൊള്ളി കഴിച്ചാല് പുള്ളിക്കാരനു ഗ്യാസുണ്ടാകുമത്രെ. ഞാനും കലയും കുമാരേട്ടനും കഴിക്കാനിരുന്നു. എളേമ്മ ഭിത്തി ചാരി വെറുതേ നിന്നു. അഭിയേ അപ്പോഴും കണ്ടില്ല. ഇടക്ക് എളേമ്മ ചോദിച്ചു.
‘ അല്ലാ….. ചന്ദ്രൻ….. തെങ്ങേ കേറുവോ…?…’
‘ ങേ….? എന്താടീ …നീ ഇവനെ തെങ്ങേലും കേറ്റാൻ പോകുവാണോ…’ കുമാരേട്ടൻ ദേഷ്യപ്പെട്ടു.
‘ വീട്ടുമുറ്റത്ത് അമ്മ നട്ടുവളർത്തിയ രണ്ടു തെങ്ങൊണ്ട്… അധികം പൊക്കമില്ല….
അതേലൊക്കെ കേറും…. കൊന്നത്തെങ്ങേല് കേറീട്ടില്ല…’ ഞാൻ പറഞ്ഞു.
‘ ചെലപ്പം ഇവിടെ അരക്കാൻ നേരം തേങ്ങാ കാണത്തില്ല…. അങ്ങനെ വരുമ്പം ആ പെണ്ണ്
തോട്ടിയേല് അരിവാളു വെച്ച് പറിക്കും… കഴിഞ്ഞ ദിവസം ഭാഗ്യത്തിനു തേങ്ങാ തലേ
വീണില്ലെന്നേ ഉള്ളു…. ഈ നാട്ടിലാണെങ്കി കേറാനാളുമില്ല….എന്തൊരു പട്ടിക്കാടാ ഇത്…’
എളേമ്മ പറഞ്ഞു.
‘ എന്നു കരുതി ഈ പാവത്തിനെ നീ…. മോനേ നീ വേണ്ടാത്ത പണിയ്ക്കോന്നും പോകണ്ട കേട്ടോ….’ കുമാരേട്ടൻ കഞ്ഞികുടിച്ചിട്ടെഴുന്നേറ്റു. എളേമ്മ പാത്രമെടുത്തുകൊണ്ട് അടുക്കളയിലേക്കു പോകാനൊരുങ്ങി.
‘ അതൊരു പ്രശ്നമല്ലെന്നേ…വീട്ടിലാണെങ്കി അമ്മ രാവിലെ മീൻകൊട്ടേമായിട്ടെറങ്ങിയാ
പിന്നെ വരുമ്പം നല്ല ക്ഷീണം കാണും… അന്നേരം….ബാക്കി എല്ലാ പണികളും ഞാനല്ലേ ചെയ്തോണ്ടിരുന്നേ…..’
‘ അതാരിക്കും അങ്കിളിന്റെ അടുത്തു വരുമ്പം മീനിന്റെ ഒരു ഉളുമ്പു മണം….’ പറഞ്ഞിട്ട് കല
പൊട്ടിച്ചിരിച്ചു.
‘ കലമോളേ….’ പെട്ടെന്ന് അടുക്കളയില് നിന്നും താക്കീതിന്റെ സ്വരത്തില് ഒരു വിളി കേട്ടു. അഭിരാമിയായിരുന്നു അത്. കലയുടെ മുഖം വിവർണ്ണമായി.
അടുത്ത പേജിൽ തുടരുന്നു.