ചന്ദ്രന് കൂട്ടിനാരൊക്കയാ
അന്ന് മുറ്റത്തിന്റെ പടിയിറങ്ങുമ്പോൾ വാതില്പടിചാരി നോക്കിനിൽക്കുന്ന ആ വിഷാദരൂപം കണ്ടുപോയതിൽപ്പിന്നെ ഇന്നാണു ഞാൻ അഭിരാമിയെ കാണുന്നത്. അവൾക്കിപ്പോൾ അതു വല്ലതും ഓര്മ്മയുണ്ടാകുമോ. അതോ എന്നോടു ദേഷ്യമായിരിക്കുമോ. നനഞ്ഞ തോ -ർത്തുകൊണ്ട് തല ഒന്നുകൂടി തുവർത്തി മുറ്റത്തേയ്ക്ക് കേറുമ്പോൾ അകത്തുനിന്നും വാദപ്രതിവാദം. തിണ്ണയിൽ കലമോള്മാത്രം.
‘എന്നാലും നിങ്ങളെന്തോ വിചാരിച്ചോണ്ടാ മനുഷെനേ… ഇവിടെ പ്രായം തികഞ്ഞ രണ്ടു പെമ്പിള്ളേരൊണ്ടെന്നത് മറന്നോ… അവനാണെങ്കി … ഒരൊത്ത ആണും…'
‘ എടീ… അവൻ നല്ലവനാ…' കുമാരേട്ടന്റെ സ്വരം.
‘ ങൂം..ങൂം… ഇഷ്ടക്കാരീടെ പുന്നാര മോനല്ലേ… എന്തിനാ കൊറക്കുന്നേ… മോളേ പിടിച്ചങ്ങു കൊടുക്ക്… ഒരു പരോപകാരി…'
‘ വേണ്ടിവന്നാ ഞാനതും ചെയ്യും…. നീ മിണ്ടാതെ ഞാൻ പറേന്നതു കേട്ടാ മതി… ആ ചെറുക്കനിപ്പം വരും.. അവൻ കേക്കണ്ട…'
‘ കേട്ടാ… എനിയ്ക്കൊരു ചുക്കുമില്ല.…. നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യ്… അവസാനം… മോളു പേരുദോഷം കേപ്പിച്ചാ… ‘ എളേമ്മയുടെ സ്വരം.
‘അമ്മേ അങ്കിൾ കുളിച്ചേച്ചു വന്നു….' കല വിളിച്ചു പറഞ്ഞു. അതോടെ അകത്തു നിന്നുള്ള സംസാരം നിന്നു. എന്റെ മനസ്സു വല്ലാതെ കലുഷമായി. അവർ പറയുന്നതും ശരിയല്ലേ. ഞാനൊരൊത്ത പുരുഷൻ. എന്റെ ശരീരം കണ്ടാൽ ഏതു പെണ്ണും കൊതിച്ചുപോകും. അഛന്റെ ആഗ്രഹപ്രകാരം, പോലീസിൽ ചേർക്കാൻ എന്റെ അമ്മ കഷ്ടപ്പെട്ടു പുഷ്ടിപ്പെടുത്തിയ ശരീരം.
മീൻകുട്ട ചുമന്നും, കോഴികളെ വളർത്തിയും, പതിനഞ്ചുസെന്റുള്ള വാടകപ്പുരയിടത്തില് പശുവിനേ വളർത്തിയും, പച്ചക്കറികൾ കൃഷിചെയ്തും, എന്തിന്, അയല്പക്കത്തെ പറമ്പില് പാട്ടത്തിനു മരച്ചീനികൃഷിചെയ്തും അമ്മ എനിയ്ക്കുവേണ്ടി കഷ്ടപ്പെട്ടു. പാലും മുട്ടയും തിന്നെന്റെ ശരീരം കൊഴുത്തു. പറമ്പില് കിളച്ചും കൃഷിചെയ്തും എന്റെ മസിലുകള് ബലപ്പെട്ടു. ചിലപ്പോഴൊക്കെ അമ്മ പറയുമായിരുന്നു.
‘നിന്റഛന്റെ പെൻഷൻ ഉണ്ടായിരുന്നെങ്കിൽ ഞാനിത്രേം കഷ്ടപ്പെടത്തില്ലായിരുന്നു. ഉള്ളതുകൊണ്ട് കഞ്ഞിവെച്ച് രണ്ടു പേരും കൂടി ഒതുങ്ങിയേനേ. ഇപ്പം എന്റെ മോൻ മിടുക്കനായി….. നീ പഠിത്തം ഒരിക്കലും ഉഴപ്പരുത്…. അമ്മയെ സങ്കടപ്പെടുത്തരുത്… അഛന്റെ ആത്മാവിനേയും….'
ഇന്നുവരേ ഞാനനുസരിച്ചു. അഛന്റെ അപകടമരണത്തിന്റെ ദുരൂഹതമൂലം പെൻഷൻ തടഞ്ഞുവെച്ചിരിക്കുകയാണ്. കേസിന്റെ പുറകേ പോകാൻ അമ്മയ്ക്ക് നേരമില്ല, ഇപ്പോൾ വയ്യ.
ഒരു വക്കീലിനെ ഏല്പ്പിച്ചിട്ടുണ്ട്. വരുമ്പം വരട്ടെ, എന്നു വിചാരിച്ച് ജീവിക്കുന്നു. ഞാൻ നേരേ ചായിപ്പിലേയ്ക്കുപോയി. മുടി ചീകി, ഒരു ബനിയനുമിട്ട് പുസ്തകവുമെടുത്ത് നേരേ പറമ്പിലേയ്ക്കു നടന്നു. സ്വസ്തമായിട്ടൊരിടത്തിരുന്നാൽ കുറച്ചെങ്കിലും പഠിക്കാം. ആട്ടും തുപ്പും നേരിടാൻ തയാറായിത്തന്നെയാണു വന്നത്. പക്ഷേ അഭിരാമിയുടെ അവഗണന തന്നെ വിഷമിപ്പിക്കുന്നു. ഇങ്ങോട്ടു പുറപ്പെട്ടപ്പോൾ മനസ്സിന്റെ ഉള്ളിൽ അഭിരാമിയെന്ന സുന്ദരിയുടെ സാമീപ്യംകിട്ടുമല്ലോ എന്ന ഒരാശ്വാസം ഉണ്ടായിരുന്നു.
എന്റെ പുറകെ കലയും ഇറങ്ങി വന്നു.‘അങ്കിളെവിടെപ്പോകുവാ..?…' കലയുടെ ചോദ്യം.
‘പറമ്പിലെവിടെയെങ്കിലും പോയിരുന്നു വായിക്കാൻ പോകുവാ മോളേ….'
‘ മുറീലിരുന്നു പഠിച്ചൂടേ…?…'
‘ പഠിക്കാം… എന്നാലും ഇതാ സുഖം…'
‘ എങ്കി ഞാനും വരാം… ‘
‘ വേണ്ട…മോളു മുറീലിരുന്നു പഠിച്ചോ…'
‘ഇല്ല, ഞാനും വരുകാ… അവിടിരുന്നാ.. അഛനും അമ്മേം കൂടെ എപ്പഴും ഒച്ചവെച്ചോണ്ടിരിക്കും…'
ഞങ്ങൾ മുറ്റത്തുനിന്നും തൊടിയിലേക്കിറങ്ങി. അപ്പോഴാണെനിയ്ക്കോർമ്മ വന്നത്.ഇലുമ്പിപ്പുളിമരം. ഞാൻ നേരേ അങ്ങോട്ടു നടന്നു. മരം കുറച്ചുകൂടി വലുതായി. പക്ഷേ ശിഖരങ്ങൾ മുറിച്ചുകളഞ്ഞിരിക്കുന്നു. കുറച്ചുപൊക്കത്തിൽവെച്ചു മുറിച്ചുകളഞ്ഞ തായ്ത്തടിയിൽനിന്നും മുളച്ചിട്ടുള്ള ശിഖരങ്ങളിൽ നിറയെ ചുവന്ന പൂക്കളും പച്ചനിറത്തിൽ തുടുത്ത കായ്കളും.
അടുത്ത പേജിൽ തുടരുന്നു.