അറബിപ്പെണ്ണും മലയാളി ഞാനും..
ഗൾഫ് മേഖലയിലെ സ്വദേശീ വൽക്കരത്തിന്റെ ഭാഗമായി, എന്റെ ടീമിലുള്ള ഗ്രാഫിക് ഡിസൈനർ പയ്യനെ ഒഴിവാക്കി ഒരു സ്വദേശിയെ കൊണ്ടുവരണമെന്ന തീരുമാനമുണ്ടായി. അവനും എനിക്കും അത് വലിയ ഒരു വിഷമമായി, കൂട്ടത്തിലുള്ള ഒരു മലയാളി, പിന്നെ ആർക്കിടെക്റ്റും ഡിസൈനറും എപ്പോഴും ഒരുമിച്ചാണല്ലോ വർക്കിങ്.. അങ്ങനെ ഞങ്ങൾ വളരെ ക്ലോസ് ആയിരുന്നു. കൂടാതെ അടുത്ത വർഷം അവനും കല്യാണമാണ്. ഞങ്ങളുടെ ഫാമിലികൾ വരുമ്പോൾ അടുത്തടുത്ത ഫ്ലാറ്റ് എടുക്കാം, ഒരുമിച്ചു കറങ്ങാം.. എന്നൊക്കെ സ്വപ്നം കണ്ടതാണ്.
അവൻ പോയ ദുഃഖത്തിൽ ഇരിക്കുമ്പോൾ പുതിയ ഗ്രാഫിക് ഡിസൈനേഴ്സിനെ ഇന്റർവ്യൂ ചെയ്യൽ നടക്കുന്നു.
കുറെ ആൾക്കാർ വന്നു പോകുന്നു.
അന്നൊരു ബുധനാഴ്ച ആയിരുന്നു. രാവിലെ ഓഫീസിലേക്ക് വന്ന ഞാൻ കാണുന്നത് റിസപ്ഷനിൽ ഒരു പെൺകുട്ടി ഇരിക്കുന്നു. കാണാൻ നല്ല ഭംഗിയുള്ള ഒരു മൊഞ്ചത്തി കുട്ടി. ആൾ ഇവിടുത്തുകാരിയാണെന്നു മനസിലായി. ചെറുതായി ഒരു ചിരി നൽകി, അവൾ ജസ്റ്റ് ഒന്ന് നോക്കി, ഞാൻ നേരെ പോയി പഞ്ച് ചെയ്തു.. എന്റെ ഡെസ്കിൽ പോയിരുന്നു.
ലാപ്ടോപ്പ് ഓപ്പൺ ചെയ്തു ജോലി ആരംഭിച്ചു. ഇപ്പൊ ഗ്രാഫിക് ഡിസൈണിങ് കൂടി ഞാൻ നോക്കണം, വല്ലാത്ത പാടുതന്നെ, ഓരോന്നു ആലോചിച്ചു അങ്ങനെ ഇരുന്നു.
എന്നാലും ആ കുട്ടി ആരായിരിക്കും? ഇനി എന്റെ ഡിസൈനർ വല്ലോം ആണോ? ആവണെ എന്നാണ് പ്രാർത്ഥന.