ഐശ്വര്യ നിന്ന് വിയർത്തു. വൈശാഖ് തുടരുകയാണ്.
“അതിലും രസം അതല്ല. അവർ ചെയ്ത തെറ്റിന്റെ ശിക്ഷ മരിച്ചു കഴിഞ്ഞും അനുഭവിക്കുകയാണ്. അവരുടെ ശവം ഇപ്പോഴും മോർച്ചറിയിലാണ്. മക്കളോ ഭർത്താവോ, അവരുടെ ബന്ധുക്കളോ ആരും ഏറ്റെടുക്കാൻ തയാറല്ല.
കുറച്ചു ദിവസം കഴിയുമ്പോൾ അനാഥപ്രേതമായി മുനിസിപ്പാലിറ്റിക്കാർ കൊണ്ടു പോകും. അമ്മ പറ, ഇവരെപ്പോലെ ഭർത്താവിനെ വഞ്ചിക്കുന്ന സ്ത്രീകൾക്ക് ഇങ്ങനെ തന്നെ വേണം, അല്ലേ?”
ഐശ്വര്യ നിന്ന് ഉരുകി. എന്താണ് മറുപടി പറയുക. അവൾ ഒന്നും മിണ്ടാതെ അവിടെനിന്നും പോയി.
അടുക്കളയിൽ ചെന്ന അവൾക്ക് ശരീരം തളരുന്നതുപോലെ തോന്നി. മകന്റെ വാക്കുകൾ കൂരമ്പുകൾപോലെ അവളുടെ നെഞ്ചിലാണ് പതിച്ചത്. താനും അതേ തെറ്റുതന്നെയല്ലേ ചെയ്യുന്നത്. ആരെങ്കിലും അറിഞ്ഞാൽ താനും സാരിത്തുമ്പിൽ തൂങ്ങേണ്ടി വരില്ലേ.. തന്റെ ശവവും ആരും ഏറ്റു വാങ്ങാൻ ഇല്ലാതെ അനാഥമായി കിടക്കേണ്ടി വരില്ലേ.. തന്റെ മക്കളുടെ ഭാവി എന്താവും, ഭർത്താവ് ഇതെങ്ങനെ സഹിക്കും.
അവൾ മനസ്സിൽ ചിലത് ആലോചിച്ചുറപ്പിച്ചു. ഫോൺ കയ്യിൽ എടുത്തു. രാജേഷിന്റെ നമ്പർ ഡയൽ ചെയ്തു.
എടാ.. നമുക്ക് ഇതിവിടെ നിർത്താം.. ഇനി മുന്നോട്ട് പോയാൽ പ്രശ്നമാകും..
എന്ത് പറ്റി?
ഇന്ന് വൈശാഖ് സ്ക്കൂളിൽ നിന്ന് വന്നപ്പോൾ ഒരു പത്രം കൊണ്ടുവന്നു..
അതിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്ത വാർത്തയുണ്ടായിരുന്നു. നമ്മളെപ്പോലെ ഒരു ബന്ധം അവർക്കുണ്ടായിരുന്നു..