എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – അവളുടെ ആ ചിരി, സ്വർഗം കിട്ടിയ സന്തോഷം പോലെയുള്ള ആ ചിരി. ആ ചിരി അവന്റെ നെഞ്ചിൽ കൊളുത്തിപ്പിടിച്ചു.
ദൂരെയെവിടെയോ നിന്നു മുഖാരി രാഗത്തിൽ ഒരു കീർത്തനം ഉയർന്നു കേട്ടു.
മുഖാരി….മരണത്തിന്റെ രാഗം.
താൻ അഞ്ജലിയുടെ മരണമാണ്. തന്നോട് അവൾക്കുള്ള സ്നേഹം അതിലേക്കുള്ള വഴിയും.
പാടില്ല, ഒരിക്കലും പാടില്ല, താൻ മൂലം ഒരിക്കലും തന്റെ അഞ്ജലി തീപ്പെടാൻ പാടില്ല. അത്രയ്ക്കിഷ്ടമാണ് തനിക്ക് അവളെ..
എന്റെ എല്ലാമെല്ലാമായ അഞ്ജലിയെ.
‘എന്തേ? ‘….
ചിരി നിർത്താതെ തന്നെ വലിയ കണ്ണുകളാൽ അവനെ അടിമുടി നോക്കി അഞ്ജലി ചോദിച്ചു.
‘ അഞ്ജലിക്ക്….അഞ്ജലിക്ക് ഇനിയെന്നെ വെറുക്കാൻ കഴിയുമോ'
അപ്പുവിന്റെ ചോദ്യം നിഷ്‌കളങ്കമായിരുന്നു.
നോവിന്റെ ഒരായിരം പൂക്കൾ ആ ശബ്ദത്തിലുണ്ടായിരുന്നു.
‘വെറുക്കാനോ എന്താ അപ്പു ഈ പറേണേ,'
അവന്റെ നെറ്റിയിൽ ചന്ദനക്കുറിതൊട്ട്, അവന്റെ നെഞ്ചിലേക്കു ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
‘എനിക്കു പറ്റില്ല, എന്റെ അപ്പുവിനെ നാൾക്കു നാൾ സ്നേഹിക്കാനേ എനിക്കു കഴിയൂ'
ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.
‘എനിക്കു ജീവിക്കണം, എന്റെ അപ്പുവിന്റെ സ്നേഹവുമായി, നിന്റെ ഭാര്യയായി, കുട്ടികളുടെ അമ്മയായി, പിന്നെ പേരക്കുട്ടികളുടെ അമ്മൂമ്മയായി.'
അവന്റെ നെഞ്ചിലേക്കു മുഖം വച്ചു അവൾ പിറുപിറുത്തു.
തന്റെ നെഞ്ചിലേക്ക് എന്തോ നനവ് പടർന്നൊഴുകുന്നത് അവൻ അറിഞ്ഞു.
അതവളുടെ വലിയ മിഴികളിൽ നിന്നൊലിച്ച കണ്ണീരായിരുന്നു.
അവളുടെ വാക്കുകൾ… അവളുടെ കണ്ണീർ…അവളുടെ മോഹങ്ങൾ…..അതെല്ലാം അവനെ വേദനിപ്പിച്ചു..
ചുട്ടുവേദനിപ്പിച്ചു.
മുഖാരി രാഗം ഉച്ചത്തിലായിരിക്കുന്നു.
അവന്റെ ഉള്ളിൽ പ്രചണ്ഡതാളം മുറുകി.
കണ്ണീരിന്റെ കടലാഴങ്ങളെ നെഞ്ചിലേക്കാവാഹിക്കുന്ന സമുദ്രശില കണക്കേ അപ്പു നിശ്ചലം നിന്നു.
‘പോകാം,'
അവളുടെ തലമുടിയിൽ തലോടി അവൻ പറ്ഞ്ഞു.
കിഴക്കൻ മലകളിൽ നിന്നുവീശുന്ന തണുത്തകാറ്റു പോലെ അവൻ ശബ്ദം മരവിച്ചിരുന്നു.
അവന്റെ നെഞ്ചിലേക്കു തലയമർത്തി അവൾ മൂളി.
'അതേ, അമ്മയാവാനുള്ള ട്രെയിനിങ് ഇന്നു മുതൽ തുടങ്ങണം കേട്ടോ…'
പറഞ്ഞതും അവൾ അവന്റെ കവിളിൽ നുള്ളി.
ഒരു നീറ്റൽ അപ്പുവിന്റ ഉള്ളിൽ അനുഭവപ്പെട്ടു.
തിരിച്ചു വീട്ടിലെത്തിയിട്ടും അപ്പു മൗനം തുടർന്നു.
അഞ്ജലി ഊണു വിളമ്പിക്കൊടുക്കുന്നതിനിടയിലും പിന്നീടുമൊക്കെ അവനോട് ഒട്ടി നിന്നു സംസാരിച്ചിട്ടും സ്‌നേഹം കാട്ടിയിട്ടുമൊന്നും അവൻ അലിഞ്ഞില്ല.
തങ്ങൾക്കിടയിൽ ഒരു കരിങ്കൽമതിൽ ഉയർന്നതുപോലെ അഞ്ജലിക്കു തോന്നി.
ഇതുവരെയില്ലാത്തതുപോലെ ദൃഢമായ ഒരു വൻമതിൽ.
‘അപ്പൂ എന്തായിത്, എന്നോടുള്ള പിണക്കം മാറിയെന്നു പറഞ്ഞിട്ട് ഒന്നും മിണ്ടണില്ലല്ലോ..'
രാത്രിയിൽ കിടക്കറയ്ക്കു വെളിയിലുള്ള ബാൽക്കണിയിൽ താരനിബിഡമായ ആകാശത്തേക്കു നോക്കി നിൽക്കുന്ന അപ്പുവിനു സമീപമെത്തി അഞ്ജലി അവളുടെ പരിഭവക്കെട്ടഴിച്ചു.
ദൈന്യതയോടെ ഒരു നോട്ടം മാത്രമായിരുന്നു അപ്പുവിന്റ മറുപടി.
‘അപ്പുവിന് എന്നോട് ഇപ്പോഴും ദേഷ്യമാണല്ലേ, ഇല്ല ഒരുകാലത്തും ഇതുമാറില്ല.എൻ്റെ അപ്പുവിന് എന്നോടു വെറുപ്പാണ് ‘
അവൾ അതു പറഞ്ഞപ്പോൾ നീർക്കണങ്ങൾ അവളുടെ കവിളിലേക്ക് ഒഴുകിയിറങ്ങി.
അപ്പുവിന്റ ഇടനെഞ്ചു പൊട്ടിപ്പിളർന്നു. അവന് ഒന്നും സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
വെറുപ്പ്, തനിക്ക്, തന്റെ അഞ്ജലിയോട്. ഇല്ല മോളെ ഒരുകാലത്തും നിന്നെ വെറുക്കാൻ ഈ അപ്പുവിനാകില്ല.
അവന്റെ അന്തരംഗം മന്ത്രിച്ചു.
എല്ലാം അഞ്ജലിയോടു തുറന്നു പറയണോയെന്ന് അവൻ ചിന്തിച്ചു. പറഞ്ഞാൽ?
ഒരു ജ്യോത്സ്യന്റെ വാക്കുകളൊന്നും വിശ്വസിക്കാൻ അവൾ തയാറാകില്ല. തന്നോടുള്ള സ്‌നേഹം അവളെ ഒരു ഭ്രാന്തിയാക്കിയിട്ടുണ്ട്. അവൾ മുൻകൈയെടുത്താൽ തനിക്കും പിടിച്ചു നിൽക്കാനാവില്ല. തങ്ങൾ തമ്മിലുളള ഏറ്റവും വികാരപരമായ ബന്ധത്തിലേക്ക് അതു നയിക്കും.
അപ്പോൾ…..അവൾ മരിക്കും..
തന്റെ അഞ്ജലിയുടെ മരണത്തിനു താൻ തന്നെ കാരണമാകും. പാടില്ല,അതു പാടില്ല…ഒരിക്കലും പാടില്ല.
അപ്പു ഇതികർത്തവ്യമൂഢനായി ഇരുന്നു.
‘എനിക്കെന്തോ വല്ലായ്മ അഞ്ജലി, രാവിലെ മുതൽ തുടങ്ങിയതാ മാറുന്നില്ല.'
അവൻ അവളോടു പറഞ്ഞു.
‘ആണോ…'
ദേഷ്യത്തിലും പരിഭവത്തിലും നിന്ന അഞ്ജലി ഒരുനിമിഷം കൊണ്ടു അലിഞ്ഞുപോയി.'
അയ്യോ ചൂടുണ്ടല്ലോ,'
അവന്റ നെറ്റിയിൽ കരതലം അമർത്തി അവൾ പറഞ്ഞു.
അപ്പു വീണ്ടും നിറഞ്ഞ ആകാശത്തേക്കു നോക്കി നിന്നു.
‘അപ്പൂ വാ പോയി കിടക്കാം, ഒന്നു കിടന്നുറങ്ങിയാൽ നാളെയാകുമ്പോഴേക്കും ജലദോഷം മാറും.'
അവൾ അവന്റ കൈയിൽ പിടിച്ചു വലിച്ചു.
‘ഞാൻ വന്നേക്കാം, അഞ്ജലി പൊയ്‌ക്കോ'
അവൻ പറഞ്ഞു.
‘ഇപ്പോ പോകുന്നില്ല, ഞാൻ പലതവണ ചോദിച്ചിട്ടുണ്ട് എന്തിനാ ഇങ്ങനെ ആകാശം നോക്കി നിൽക്കുന്നേന്ന്… അപ്പു ഉത്തരം പറഞ്ഞിട്ടില്ല,'
അവൾ മുഖം വീർപ്പിച്ചു പരിഭവിച്ചു.വെളുത്ത സാരിയിൽ ഒരു മാലാഖയെപ്പോലെയുണ്ടായിരുന്നു അഞ്ജലി അപ്പോൾ.
‘ദാ ആകാശത്തേക്കു നോക്കൂ, അവിടെയെന്താ കാണണേ….'
അവൻ അവളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടു കൈനീട്ടി.
‘ഔ..അവിടെയെന്താ കാണണേ..നക്ഷത്രങ്ങൾ അല്ലാണ്ടെന്താ'
അവൾ ചോദിച്ചു.
‘വെറും നക്ഷത്രങ്ങളല്ല, നക്ഷത്രപ്പൂക്കൾ. അഞ്ജലിക്കറിയാമോ, എന്റ അമ്മയെക്കണ്ട ഓർമ്മ എനിക്കില്യ, ഞാൻ ജനിച്ചുടൻതന്നെ അമ്മ ഞങ്ങളെയെല്ലാം വിട്ടുപോയി, എന്നെന്നേക്കുമായി.
കുട്ടിക്കാലത്ത് സന്ധ്യാനേരത്ത് ഉമ്മറപ്പടിയിലിരുന്നു തൈരിൽ കുഴച്ച ചോറുരുളകൾ എന്റ വായിലേക്ക് അച്ഛമ്മ വച്ചുതരുമ്പോൾ ഞാൻ ചിണുങ്ങും. അച്ഛമ്മേ എന്റ അമ്മയെവിടേന്നും ചോദിച്ച്. അപ്പോ അച്ഛമ്മേടെ കണ്ണു നിറയും. ഒടുവിൽ ഞാ്ൻ ചോദിക്കും. അച്ഛമ്മേ എന്റ അമ്മ അപ്പുകുട്ടനെ വിട്ടു സ്വർഗത്തിൽ പോയില്ലേന്ന്.'
‘അപ്പോ അച്ഛമ്മ പറയും, കുട്ടന്റ അമ്മ എങ്ങും പോയിട്ടില്യാലോ, ദേ അങ്ങകലെ ആ നക്ഷത്രക്കൂട്ടത്തിലൊരെണ്ണം മോൻ്റെ അമ്മയാണല്ലോയെന്ന്.
മാനത്തിരുന്ന് എന്നെ നോക്കാത്രേ എന്റെ അമ്മ.
അന്നു മുതൽ ഞാൻ നോക്കുന്നതാ, ഏതാ ആ നക്ഷത്രമെന്ന്, എന്റ അമ്മയെ തേടുന്നതാ..ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിയാം.
എന്നാലും നോക്കുന്നതാ..എനിക്കു നഷ്ടപ്പെട്ട എന്റ അമ്മയെ…'
അവൻ അതു പറഞ്ഞുതീരുമ്പോളേക്കും അവന്റ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു.
‘ഹേയ് അപ്പൂ..കരയാതെ.'
അവന്റ കണ്ണിൽ നിന്നൊഴുകിയിറങ്ങിയ കണ്ണീർ തന്റ ലോലമായ വിരലുകളാൽ തുടച്ചുകൊണ്ട് അഞ്ജലി പറഞ്ഞു.
അപ്പോളവൾക്ക് അവനോടു തോന്നിയതു വാൽസല്യമാണ്.
എന്തോ നഷ്ടപ്പെട്ടു കരയുന്ന കാണാൻ ഭംഗിയുള്ള ഒരു കുട്ടിയോടു തോന്നുന്ന വാൽസല്യം.
അവൾ അവന്റ മുഖം തന്റെ തോളിലേക്കടുപ്പിച്ചു.
പയ്യെ അവന്റ തലയിൽ കൊട്ടി.
നേരിയ ചുരുളിപ്പുള്ള അവന്റ ചെമ്പൻ മുടിയിഴകളിലൂടെ തന്റ നീണ്ട വിരലുകളോടിച്ചു.
പ്രണയം മുതൽ വാൽസല്യം വരെ. …..എത്രയൊക്കെ വികാരങ്ങളാണ് ഒരു സ്ത്രീക്കു തന്റെ ഭർത്താവിനോടു തോന്നാവുന്നതെന്നു മനസ്സിലാക്കുകയായിരുന്നു അ്ഞ്ജലി.
അലൗകികമായ ഒരു സുഗന്ധം അവരെ പൊതിഞ്ഞു.
‘ഞാനൊന്നു ചോദിച്ചോട്ടെ അപ്പൂ,'
അവൾ അവന്റെ കാതിൽ ചോദിച്ചു. അവനൊന്നും മിണ്ടിയില്ല. അവൻ മിണ്ടാൻ അവളാഗ്രഹിച്ചതുമില്ല.
‘ഞാനും മരിച്ചാൽ നക്ഷത്രമായി മാറുമായിരിക്കും അല്ലേ അപ്പൂ,അപ്പോ അപ്പൂ എന്നെ ഇതുപോലെ നോക്കി നിൽക്ക്വോ…'
അവളുടെ തോളിൽ ചാഞ്ഞു കിടന്ന അപ്പുവിന്റെ ഉള്ളിൽ ആയിരം പ്രതിഫലനങ്ങളോടെ ഇടിത്തീ മാതിരിയുള്ള ആ ചോദ്യം വന്നുവീണു.
അപ്പു ഞെട്ടിപ്പിടഞ്ഞ് അവളിൽ നിന്നു തെന്നിമാറി.
'എന്താ ചോദിച്ചേ എന്താ ചോദിച്ചേന്ന് ‘
അലറുകയായിരുന്നു അവൻ.
മരണത്തിന്റ മുഖാരി രാഗം അവന്റ കാതിൽ വീണ്ടും വന്നല്ച്ചിരുന്നു.
വെറുതേ ചോദിച്ചതാ, ടെൻഷനാകാതെ അവൾ
കൈയുയർത്തി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
‘അല്ല, വെറുതെയല്ല, എന്റെ ജനനം കൊണ്ട് എന്റെ അമ്മയെ നഷ്ടപ്പെട്ടു. ഇനിയൊന്നും നഷ്ടപ്പെടുത്താൻ എനിക്കാവില്ല,'
അവന്റെ ചിലമ്പിച്ച ഒച്ച ഉയർന്നു. അവൻ ധൃതിപ്പെട്ട് ബാൽക്കണിയിൽ നിന്നു കിടപ്പുമുറിയിലെ കട്ടിലിൽ വന്നു കിടന്നു. അഞ്ജലിയുടെ ചോദ്യം അവനെ തകർത്തുകളഞ്ഞിരുന്നു.
അഞ്ജലി അവനു സമീപം കിടന്നു. തന്റെ കൈകൾ കൊണ്ട് അവനെ പുണർന്നു. അപ്പു പ്രതികരിച്ചില്ല.
‘സോറി അപ്പൂ, കാര്യമായെടുക്കാതെ. എന്നെ നിനക്ക് ഒരുകാലത്തും നഷ്ടപ്പെടാൻ പോണില്ല.'
അവൾ പറഞ്ഞു.
കിടന്നുറങ്ങ് അഞ്ജലീ, എനിക്കു തല വലിക്കുന്നു. രാവിലെ സംസാരിക്കാം. അവൻ പറഞ്ഞു.
‘ശരി, കിടന്നുറങ്ങിക്കോ കള്ളച്ചെക്കാ….'
അവന്റെ മുഖത്ത് ഒരു ചുംബനം നൽകി അവനെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ട് അവൾ പറഞ്ഞു.
ഒരുഭാഗത്ത് അപ്പു അഗ്നിപർവതം പോലെ പുകയുമ്പോൾ ഇതൊന്നും അറിയാതെ ഉറക്കത്തിലേക്കു വഴുതിവീഴുകയായിരുന്നു അഞ്ജലി.
സുഖപൂർണമായ സ്വപ്നങ്ങൾ അവളുടെ ഉറക്കത്തെ കനിഞ്ഞനുഗ്രഹിച്ചു.
പിറ്റേന്നു രാവിലെ അഞ്ജലി ഉറക്കമെഴുന്നേറ്റപ്പോൾ അപ്പു അവളുടെ സമീപത്തുണ്ടായിരുന്നില്ല.
അവൻ അവിടെയെങ്ങുമുണ്ടായിരുന്നില്ല.
ഒരു മനുഷ്യന് ഇങ്ങനെ മാഞ്ഞുപോകാൻ പറ്റുമോ?
പറ്റുമായിരിക്കും. ആദ്യം അഞ്ജലിയും പിന്നെ അവളുടെ വീട്ടുകാരും അവനെ എല്ലായിടത്തും തേടിയെങ്കിലും കണ്ടെത്താനായില്ല.
ഒടുവിൽ കട്ടിലിന്റെ താഴെ നിന്ന് ഒരെഴുത്ത് അഞ്ജലിക്കു കിട്ടി.
അവളുടെ അപ്പു അവൾക്കായി എഴുതിവച്ച അവസാനത്തെ എഴുത്ത്.
‘പ്രിയ അഞ്ജലീ,
ഞാനെന്നും ഭാഗ്യം കെട്ടവനാണ്, എന്നും…
എല്ലാമെല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാൻ യോഗമില്ലാത്തവൻ.
എന്റെ കാതിൽ മുഴങ്ങുന്ന ഈ മുഖാരി രാഗം എന്നെ ഭ്രാന്തനാക്കുന്നു. ഞാൻ വിട്ടകലുന്നു, പോയ്മറയുന്നു…ആഴത്തിൽ പൊലിയുന്ന ഒരു നക്ഷത്രം കണക്കേ…
എന്നെയോർത്തു നീ സങ്കടപ്പെടും.അതിനെ തടയാൻ എനിക്കാവില്ല. പക്ഷേ നിന്നെ ദുർവിധിയിലേക്കു തള്ളിവിടാൻ എനിക്കു വയ്യ. ഞാൻ പോയ്മറയുന്നു.
സങ്കടം മാറുമ്പോൾ എന്റെ അഞ്ജലി എന്നെ മറക്കണം.
പൂർണമായും…എന്നിട്ട് സന്തോഷവതിയായി ജീവിക്കണം.
ഇനിയും സ്‌നേഹം കണ്ടെത്തണം,
കുടുംബമുണ്ടാകണം…..ഞാൻ ഒരു മിഥ്യയായിരുന്നു അഞ്ജലി.
ആ മിഥ്യയിൽ നിന്നു നീ പുറത്തു വരണം.
സ്വന്തം അപ്പു. [തുടരും ]