എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – “അവൾ തല്ലിയില്ലേലേഉള്ളു അത്ഭുതം !!
അവളുടെ മട്ടും ഭാവവും അങ്ങനെ ആയിരുന്നല്ലോ.. ഇങ്ങോട്ട് തോണ്ടാൻ വരുന്നവരെ അങ്ങോട്ട് കേറി മാന്തുന്നതാണല്ലേ അവളുടെ സ്വഭാവം.
ഗോപിക പിന്നെ പറഞ്ഞത് കേട്ടപ്പോൾ പ്രശ്നം അൽപ്പം സീരിയസ്റ്റാണെന്ന് ബോമ്ദ്ധ്യമായി.
അവൻ അൽപ്പം പ്രശ്നക്കാരനാണ്.. ഞങ്ങടെ കവലയിൽ പള്ളിയിലേക്കുള്ള ഇടവഴിയിൽ വെച്ച് കഴിഞ്ഞ ന്യൂ ഇയറിനു പള്ളിയിൽ പോയ ബീനേച്ചിയേ അവന് ഇരുട്ടത്ത് ചാടിവീണ് കേറിപ്പിടിച്ചിരുന്നു. ആരാണ്ട് അപ്പൊ അതുവഴി വന്നോണ്ട് ബീനേച്ചി കഷ്ടിച്ചു രക്ഷപെട്ടു. ബീനേച്ചിയുടെ അനിയത്തി ബിൻസി അവളുടെ ക്ലാസിൽ തന്നെ
ആയിരുന്നു. അധികം ആരും അറിയാത്ത ഈ കാര്യം ഗോപികയോട് പറഞ്ഞത് ബിൻസിയാണ്.
ഗോപികക്ക് ഇതൊക്കെ എന്നോട് പറയാൻ മറ്റൊരു കാരണം കൂടെയുണ്ട്, അവൾ എന്നോട് ഇച്ചിരി കൂടുതൽ അടുപ്പം കാണിച്ചപ്പോഴേ എനിക്ക് സംശയം തോന്നിയതാ.. പക്ഷേ ഗോപനോട് ഞാൻ ഒരിക്കലും ആ ചതി ചെയ്യില്ലെന്ന് അവളെ അന്നേ പറഞ്ഞു മനസിലാക്കിയിരുന്നു. പക്ഷേ അവൾ പറയുന്നത് എനിക്ക് ആര്യേച്ചിയേ ഇഷ്ടമായോണ്ടാ അവളെ ഒഴുവാക്കിയതെന്നാ.
അമ്മയും ഇടക്ക് ആര്യേച്ചിയുടെ കാര്യം എടുത്തിടും. പക്ഷേ എനിക്ക് ഇവർ എന്നെ കളിയാക്കുവാണോ എന്നാ തോന്നുന്നേ.
ആര്യേച്ചിയെ ഒരുത്തൻ ശല്യപ്പെടുത്തുന്നുവെന്ന് കേട്ടപ്പോൾ എനിക്കൊട്ടും സഹിക്കാൻ പറ്റിയിരുന്നില്ല.
പിറ്റേന്ന് ഞാനും ആര്യേച്ചിയുടെ കൂടെയാ സ്കൂളിൽ പോയത്. ചേച്ചിയും ഞാനും ഒരേ സ്കൂളിൽത്തന്നെ ആയിരുന്നു പഠിച്ചിരുന്നത്.
ചേച്ചി അന്ന് പ്ലസ്2 ആയിരുന്നു. ആര്യേച്ചി എന്റെ കയ്യും പിടിച്ചു പാടവരമ്പിലൂടെ നടന്നു. ആ പാടം കടന്നാൽ മെയിൻ റോഡ്.. അതുവഴിയാണ് ഞങ്ങളുടെ ബസ് വരുന്നത്.
ഞങ്ങൾ രണ്ടാളും റോഡ് ക്രോസ്ചെയ്തു ബസ്സ്റ്റോപ്പിൽ വന്നുനിന്നു. ചെറുതായി മഴ പൊടിക്കുന്നുണ്ട്, ഞാനല്പം നനഞ്ഞിട്ടുമുണ്ട്. അന്നവിടെ രാവിലെ ബസ്സുകേറാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. എന്റെ തല അവൾ അവളുടെ കർച്ചീഫ് വെച്ച് തോർത്തിത്തന്നു. അപ്പോൾ ഏതോ ഒരുത്തൻ അങ്ങോട്ട് കേറിവന്നു.
“എന്താടാ ഇവിടെ? എന്താ രണ്ടും കൂടി.”
ഒരു വഷളൻ ചിരി അവന്റെ മുഖത്തുണ്ടായിരുന്നു.
അവനെ കണ്ടിട്ടാവണം ആര്യേച്ചിയൊന്ന് ഭയന്നപോലെ പിന്നോട്ട് മാറി.
“ടാ കൊച്ചെറുക്കാ നിനക്കെന്നെ അറിയോടാ?”
അവന് വീണ്ടും ചോദിച്ചു.
“ഇല്ല ” ഞാൻ പറഞ്ഞു
“നിയൊക്കെ ഇപ്പൊ ജീവിക്കുന്നത് എന്റെ അച്ഛന്റെ ഔദാര്യത്തിലാ. അറിയോടാ പൊടിച്ചെറുക്കാ നിനക്ക് ?
പുച്ഛഭാവത്തോടെ അവന് പറഞ്ഞുനിര്‍ത്തി.
അപ്പോഴാണ് ഗോപിക പറഞ്ഞ അരുൺ ഇവനാണെന്ന് എനിക്ക് ബോദ്ധ്യമായത്.
അവന്റെ ആ നില്പും ഭാവവും കണ്ടപ്പോൾത്തന്നെ ഞാൻ പേടിച്ചു എന്ന് വേണം പറയാൻ. പെട്ടെന്ന് തലയിലൊരു മിന്നൽ അടിച്ചുവോ.. തലക്കുള്ളിൽ ഒരു മൂടൽ.
അരുൺ ആര്യയുടെ അടുത്തേക്ക് നീങ്ങി. ശ്രീഹരി അവളുടെ മുന്നിലും കയറിനിന്നു. അരുൺ ശ്രീഹരിയെ പിടിച്ചുതള്ളി. ശ്രീഹരി അടുത്തുള്ള തൂണിൽ തെറിച്ചുചെന്നിടിച്ചു.
അരുൺ ആര്യയുടെ കയ്യിൽ കയറി പിടിച്ചു. അടുത്ത നിമിഷം ശ്രീഹരിയുടെ ചവിട്ട്കൊണ്ട് അരുൺ അവൻവന്ന ബൈക്കിന് മുകളിലേക്ക് തെറിച്ചുവീണു.
അരുൺ അവന്റെ വണ്ടിയിൽ ഒളുപ്പിച്ചിരുന്ന ഒരു കമ്പിവടിയെടുത്തു ഹരിക്ക് നേരേ പാഞ്ഞുവന്നു.
ആര്യ ശ്രീഹരിയെ രക്ഷിക്കാൻ എന്നവണ്ണം അവനു മുന്നിൽ കയറി നിന്നു.
“എന്റെ ദേഹത്ത് ചവിട്ടിയോ നായെ.. അതിനുമാത്രം വളർന്നോ നീ, ഇത്രയ്ക്കു പൊള്ളാൻ.. ഈ കൂത്തിച്ചി ആരാടാ നിന്റെ?”
ശ്രീഹരി വീണ്ടും തന്റെ പുറം കൈകൊണ്ട് ആര്യയെ പുറകിലേക്ക് വകഞ്ഞുമാറ്റി മുന്നിൽക്കയറി നിന്നിട്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ഞാനോ.. ഞാൻ വിഷ്ണു ഭദ്രൻ ഇതെന്റെ പെണ്ണാ. എന്റെ പെണ്ണ്… എന്നോട് ഇതൊക്കെ ചോദിക്കാൻ നീ ഏതാടാ .. മാറി നിക്കടാ..അങ്ങോട്ട് .. ഇല്ലേ കൊരവള്ളി ഞാൻ അറക്കും”
ശ്രീഹരിയുടെ ആ ഉറച്ച ശബ്ദമോ അതോ അവന്റെ കയ്യിലിരുന്ന പൊട്ടിയ ബിയർകുപ്പിയോ, അരുൺ ഒന്ന് പേടിച്ചു. അവൻ പെട്ടെന്ന് കമ്പിവടി താഴ്ത്തി. പിന്നെയും എടുത്തോങ്ങാൻ നോക്കിയെങ്കിലും ഹരിയുടെ അടുത്ത ചവിട്ട് അവന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു.
അപ്പോഴേക്കും ആ ബസ്റ്റോപ്പിലേക്ക് കോൺസ്റ്റബിൾ ജോൺസൺ ചേട്ടനും ഭാര്യയും നടന്നുവരുന്നത് അവർ കണ്ടു.
അരുൺ അയാളേ കണ്ടപാടെ അവന്റെ ബൈക്ക് എടുത്തു ജീവനും കൊണ്ടോടി.
ഈ പുള്ളിക്കാരനാണ് ബിൻസിയുടെയും ബീനേച്ചിയുടേയും പപ്പ. അന്ന് ഇങ്ങേരുടെ കയ്യിൽനിന്ന് അരുണിന് തരക്കേടില്ലാതെ കിട്ടിയിട്ടുണ്ട്.
എന്തോ അരുണിനെക്കാൾ കൂടുതൽ പേടിച്ചത് ആര്യയായിരുന്നു. ശ്രീഹരിയുടെ കയ്യും പിടിച്ചു ഇപ്പൊ ഇങ്ങനെ പേടിച്ചു നിൽക്കുമ്പോൾ അവൾ ആദ്യമായ് ആണൊരുത്തന്റെ തണലിൽ തളക്കപ്പെട്ടിരിക്കുന്നുവോ?
ഇതുവരെയും അവൾ അങ്ങനെ അല്ലായിരുന്നല്ലോ.. ആണെന്നോ പെണ്ണൊന്നോ നോക്കാതെ തനിക്ക് തോന്നുന്നതു മുഖത്തുനോക്കി പറയാൻ വേണമെങ്കിൽ ഒന്ന് പൊട്ടിക്കാൻ തന്നെ ചങ്കൂറ്റമുള്ളവൾ, അതായിരുന്നു ആര്യമഹാദേവ്.
മുന്നില്‍ നിൽകുന്നത് തന്റെ വിഷ്ണു ഏട്ടന് തന്നെയോ? അവളുടെ ഓര്‍മ്മയിലെ വിഷ്ണു എട്ടനുമായി ചെറുതല്ലാത്ത സാമ്യം ഇപ്പൊ ശ്രീഹരിക്കുണ്ട്. എന്നാൽ അധികനേരം അതുണ്ടായില്ല.. ശ്രീഹരി തല കറങ്ങിയത് പോലെ താഴേക്ക് വീണു.
ആര്യ, അവന് കയ്യില്‍ പിടിച്ചിരുന്ന കുപ്പി മുറി ദൂരേക്ക് മാറ്റിയിട്ടു. അപ്പോഴേക്കും ആ ബസ്റ്റോപ്പിലേക്ക് കയറിവന്ന ജോൺസൺ ചേട്ടനും ഭാര്യയും കൂടെ അവനെ താങ്ങിയെടുത്തു അവിടെ ഉണ്ടായിരുന്ന കോൺക്രീറ്റ് ബെഞ്ചിൽ ഇരുത്തി. ആര്യ കൈയിലുണ്ടായിരുന്ന ബോട്ടിലിലെ വെള്ളം അവന്റെ മുഖത്തു കുടഞ്ഞു.
എന്റെ മുഖത്തു തണുത്ത വെള്ളം വീണപ്പോഴാണ് ഞാൻ എഴുന്നേറ്റത്. എന്താണ് ഇവിടെ സംഭവിച്ചതെന്ന് ഞാൻ അവരുടെ എല്ലാം മുഖത്തേക്ക് നോക്കി.
“ഹാവു.. അവന് കുഴപ്പമില്ല ചേച്ചി, രാവിലെ ഒന്നും കഴിച്ചില്ല അതിന്റെയാകും..” ആര്യേച്ചി നുണ പറഞ്ഞു
അത് കേട്ടതും ജോൺസൺ ചേട്ടൻ കുറച്ചപ്പുറമുള്ള കടയിൽനിന്ന് ഒരു കവർ വാങ്ങിക്കൊണ്ട്ത്തന്നു. പുള്ളി ആള് തനി പോലീസാണേലും ഞങ്ങളോടൊക്കെ വലിയ കാര്യമാ.. കൂടാതെ അമ്മാവന്റെ അടുത്ത കൂട്ടുകാരനും.
ജോൺസൺ ചേട്ടൻ എന്നോട് എന്തൊക്കയോ ചോദിച്ചു.
“എന്താടാ ശ്രീ പറ്റിയെ?''
“എനിക്കൊന്നു തല ചുറ്റണപോലെ തോന്നി..പക്ഷേ ഇപ്പൊ കുഴപ്പമില്ല “
“ഹാ.. ആരാ ആ പയ്യൻ?”
അതിന് മറുപടി ആര്യേച്ചിയാണ് പറഞ്ഞത്.
“അതെന്റെ കൂട്ടുകാരിയുടെ ചേട്ടനാ അങ്കിളേ.”
“അവനൊന്നും അത്ര നല്ല പയ്യനല്ല, നിങ്ങൾ അവനോടൊന്നും മിണ്ടാൻ പോകണ്ടാ.. കേട്ടല്ലോ”
അതിനും ആര്യേച്ചി ഇടക്ക് കയറി എന്തോ മറുപടി നൽകി, പിന്നെ നീ യൊന്നും മിണ്ടണ്ടാ.. ഞാൻ പറഞ്ഞോളാം എന്ന അര്‍ത്ഥത്തില്‍ എന്നെ ആര്യേച്ചി കൈ കാട്ടി.
അല്ല ഞാനെന്ത് മിണ്ടാൻ, എനിക്ക് ഇവിടെ എന്താ നടന്നതെന്ന് പോലും ഓർമ്മയില്ല.. അവസാനം ഓർക്കുന്നത് ചേച്ചിയുടെ കയ്യും പിടിച്ചു പാടവരമ്പിലൂടെ നടന്നു വരുന്നതായിരുന്നു.
ഭാഗ്യത്തിന് അവർ ഞങ്ങളോട് കൂടുതൽ ചോദ്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ബസ്സ് വന്നു. എങ്കിലും അന്നേദിവസം സ്കൂളിലിരുന്നു ആ സംഭവം ഞാന്‍ ഒരുപാട് ആലോചിച്ചുനോക്കി.
പക്ഷേ, എനിക്കൊന്നും ഓർമ്മ വന്നില്ല. ഗോപനും എന്താകാര്യം എന്നൊക്കെ തിരക്കി, എനിക്ക് ഓർക്കാൻ പറ്റുന്നില്ല.. പിന്നല്ലേ അവനോടു പറയുന്നത്.
വൈകുന്നേരം ചേച്ചിതന്നെയാണ് എന്നെ കാത്തുനിന്ന് തിരിച്ചു വീട്ടിൽ കൊണ്ടോയത്. പക്ഷേ അവളും അതേപ്പറ്റി ഒന്നും മിണ്ടിയില്ല.
ഞാന്‍ അവളോട് ചോദിച്ചു
“ആരാചേച്ചി അവന്..”
“അതൊരു തല്ലിപൊളി ചെക്കനാടാ.. ശല്യമായിരുന്നു.”
“ശല്യമോ ?”
“ഏതായാലും നിന്റത്രേം അല്ല..”
“അതിന് ഞാന്‍ എന്താ ചെയ്തെ?”
“നീ ഒന്നും ചെയ്തില്ല.. അതാണല്ലോ അവന് ഓടിയത്, ഇനി വരുമെന്ന് തോന്നുന്നില്ല…”
ഞാന്‍ ഒന്നും പിടികിട്ടാതെ അങ്ങനെ കുഴങ്ങിനിന്നത് കണ്ടു അവള് തുടര്‍ന്നു..
“നീ അവനെ കണ്ടു… ഠിം… ബോധംകെട്ടു.. പിന്നെ ജോണ്സണ് അങ്കിളാ അവനെ ഓടിച്ച് വിട്ടത്, ശ്രീഹരി നിനക്ക് പറ്റിയ പേരാ”
എന്നിട്ടവള് ഒന്ന് ചിരിച്ചു. എന്നെ കളിയാക്കാന്‍ വേണ്ടിയാണെങ്കിലും ആര്യേച്ചിയുടെ തെളിഞ്ഞമുഖം ഞാന്‍ കണ്ടിട്ട് കാലം എത്രയായി.
“അല്ല എന്റെ പേരിനെന്താ ഇപ്പൊ കുഴപ്പം ?”
“ആ… ആ പേര് പറഞ്ഞാ മതില്ലോ, ശോ എന്റെ പഞ്ചപാവം ഹരിക്കുട്ടാ…”
എന്റെ താടിക്കൊരു ഉന്തും തന്നിട്ട് അവള് ഒന്നൂടെ ആര്‍ത്തു ചിരിച്ചു.
എനിക്ക് സത്യത്തില്‍ ഒന്നും പിടികിട്ടിയില്ല. അവള് എന്റെ മുന്നിലേക്ക് പെട്ടെന്നെടുത്തു ചാടിയിട്ട് എന്റെ നേരെ കൈവിരല്‍ ബ്രാക്കറ്റ് പോലെ പിടിച്ചിട്ടു രണ്ടു കയ്യും വിരിച്ച് ഒരുമാതിരി സിനിമാക്കാര് സീന്‍ പറയണപോലെ പറഞ്ഞു
“വിഷ്ണു ഭദ്രന്.. ഹാ എന്താ പവര്‍”
ഏട്ടന്റെ പേര് കേട്ടപ്പോള്‍ എന്റെ മുഖം ചെറുതായി ഒന്ന് വാടി. അതവള് തിരിച്ചറിഞ്ഞന്നോണം അവള് പെട്ടെന്ന് നോര്‍മലായി.
“നിന്റെ പേരും കൊള്ളാടാ ശ്രീ അത്യാവശ്യം പവറൊക്കെ ഉണ്ട്.”
ഞാന്‍ അതിനൊന്നും മിണ്ടിയില്ല. ഞങ്ങള്‍ കുറച്ചു നടന്നു.
“അല്ലേലും ഏട്ടന് എന്നേക്കാള്‍ പവര്‍ ഉണ്ടെന്നറിയാം”
ഞാനാണ് ആ മൌനം ഭജിച്ചത്.
“ഓഹോ , ഞാന്‍ കരുതി ഇയാളിനി മിണ്ടൂല്ല ന്ന്”
“ഏട്ടനെപ്പറ്റി ഓര്‍ക്കുമ്പോള്‍…”ഞാന്‍ വിക്കി..
“അതിനിപ്പോ എന്താ…. നിന്റെ ഏട്ടന് നിന്റെ കൂടെത്തന്നെ ഉണ്ടന്നെ….”
അവള് ആശ്വസിപ്പിക്കാന്‍ എന്നോണം പറഞ്ഞു.
“അന്നാ പണിക്കര്‍ പറഞ്ഞ ഓര്‍മയില്ലേ.. അവന് നിന്റെ ചുറ്റും കാവല്‍ നിൽപ്പുണ്ട്, നീ വിളിച്ചാ അവന് വരും”
“അത് ചേച്ചിക്കെങ്ങനെ അറിയാം, ചേച്ചി കണ്ടിട്ടുണ്ടോ?”
ഞാന്‍ ചോദിച്ചു.
“ഹാ…! ഞാന്‍ വിളിച്ചാലും വരും, ചിലപ്പോ വിളിക്കാതെയും വരും.”
“അവനെ ഒന്ന് വിളിച്ചു കാണിക്കോ?”
എനിക്ക് വല്ലാത്തൊരു ആകാംഷതോന്നി.
“അത് വേണോ ?”
“ഹം.. എനിക്ക് സംസാരിക്കണം”
“ഞാന്‍ വിളിച്ചാലും നിനക്ക് സംസാരിക്കാനാവില്ല. അല്ലാതെ തന്നെ നീ എപ്പോഴും സംസാരിക്കുന്നുണ്ട്.”
“അങ്ങന പറഞ്ഞാല്‍ ?”
“നിനക്കതൊന്നും അറിയാന്‍ പ്രായമായിട്ടില്ല.. ആകുമ്പോള്‍ പറയാം”
അവള് പറഞ്ഞൊഴിഞ്ഞു.
“ചേച്ചി നുണ പറയുവാ.., അങ്ങനെ ആരുമില്ല, വെറുതെയാ”
ആര്യക്ക് അവളോട് അങ്ങനെ പറയുന്നത് സഹിക്കാന്‍ പറ്റില്ലായിരുന്നു. അവള് ഉറക്കെ വിളിച്ചുകൂവി
“വിഷ്ണു ഏട്ടാ..” [ തുടരും ]