എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – അത് കേട്ടതും ആര്യേച്ചി ഒന്ന് പതറിയത് ഞാന്‍ ശ്രദ്ധിച്ചു.
“ശ്രീഹരി ടാ…ടാ ഇവിടെ നോക്ക്, ആരാ അരുണിമ.. അറിയോ നിനക്ക്?”
ഇപ്പൊ അരുണിമ എന്നൊരു പേരറിയാം.. വ്യക്തമല്ലാത്ത ഒരു മുഖവും. പക്ഷേ ഉള്ളില്‍ എവിടെയോ എനിക്കടുത്തറിയാവുന്ന ഒരാൾ ആണെന്ന് തോന്നലുണ്ട്.. അതിനപ്പുറം എനിക്കവളെപ്പറ്റി ഒന്നും അറിയില്ലായിരുന്നു.
“ഇല്ല.. കണ്ടു പിടിക്കണം”
“ശെരി ശെരി.. നമുക്ക് ഒരുമിച്ചു കണ്ടു പിടിക്കാം.. പോരെ..”
എന്നെ സമാധാനിപ്പിക്കാന്‍ എന്നോണം അവള്‍ പറഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞത് കേട്ടിട്ടാവണം അത്.. ഒരു സമാധാനം അവളില്‍ ഞാന്‍ കണ്ടു.
“ഇങ്ങനെ ചിന്തിച്ചിരിക്കാതെ ആ കൈ കഴുകിട്ട് പോയി കിടക്കാന്‍ നോക്ക്. നിന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്.”
അമ്മ എന്നെ തട്ടിവിളിച്ചോണ്ട് പറഞ്ഞു.
പക്ഷേ ഞാന്‍ കൈ കഴുകി ആ ചാരു കസേരയില്‍ പോയിരുന്നു.
അപ്പോഴേക്കും വീരന്‍ കരച്ചില്‍ തുടങ്ങി. വീട് മാറിയതിന്റെ ആകും. ആര്യേച്ചി പഠിച്ചപണി പതിനെട്ടും നോക്കി.. രക്ഷയില്ല. ഞാന്‍ വീരനെ നോക്കി.. അവള്‍ അവനെ എന്‍റെ കയ്യില്‍ തന്നു.
“ഹരി നീ ഒന്ന് പാടുമോ? അവന്‍ ഉറങ്ങിക്കോളും.”
എനിക്കൊന്നും മറുത്തു പറയാന്‍ തോന്നിയില്ല. ഞാന്‍ എഴുന്നേറ്റു. അവനേം തോളില്‍ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും നടന്നു പാടി.
“”ഉണ്ണികളേ ഒരു കഥപറയാം ഈ
പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ എങ്ങോ
പിറന്നുപണ്ടിളം മുളം തണ്ടില്‍
മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മ കൈമാറിയും
വേനല്‍ക്കുരുന്നിന്റെ തൂവലാല്‍ തൂവാലകള്‍ തുന്നിയും
പാടാത്ത പാട്ടിന്റെയീണങ്ങളേ തേടുന്നകാറ്റിന്റെ ഓളങ്ങളില്‍
ഉള്ളിന്റെ യുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്
ഉണ്ണികളേ…”
അതിനിടയില്‍ അവന്‍ എപ്പോഴോ ഉറങ്ങി, ഞാന്‍ അവനെ ആ കട്ടിലില്‍ കിടത്തി. അവന്റെ കൂടെ അല്പം കിടന്നു. ആര്യേച്ചി എന്നേ തന്നെ നോക്കി ഇരുപ്പുണ്ടായിരുന്നു. പതിയെ എന്‍റെ കണ്ണും അടഞ്ഞു.
പിറ്റേന്ന് രാവിലെ അവന്റെ കളികേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോഴും ആര്യേച്ചി അതെ ഇരുപ്പില്‍ത്തന്നെ.. പക്ഷേ പുള്ളിക്കാരി നല്ല ഉറക്കത്തിലാണെന്ന് മാത്രം. അവളുടെ ആ മുഖത്ത് നോക്കിയപ്പോള്‍ ഇത്രയും പാവമാണോ എന്‍റെ ആര്യേച്ചി. എന്ത് ഭംഗിയാ ചേച്ചി ഉറങ്ങുന്നത് കാണാന്‍.
എനിക്ക് അവളോട് എന്തോ ഒരു വികാരം നിറഞ്ഞൊഴുകി. ഞാന്‍ ഒരുപാട് ആഗ്രഹിച്ചതാണ് അവളുമൊത്ത് ഈ വീട്ടില്‍ ഒരു ജിവിതം. പക്ഷേ വിധിയില്ല. ഇത് എന്‍റെ ജിവിതമല്ലേലും എവിടുന്നോ കടമെടുത്ത ആ കുറച്ചു നിമിഷങ്ങള്‍ ഞാന്‍ ആസ്വദിച്ചു. ഇനിയും അവളെ ഇങ്ങനെ അസ്വദിച്ചുകൊണ്ടിരുന്നാല്‍ ഞാന്‍ അവളെ….
“ഹലോ ആര്യേച്ചി എണീക്കുന്നില്ലേ?”
എന്‍റെ കണ്ട്രോള്‍ പോകുന്നതിനു മുന്‍പ് ഞാന്‍ അവളെ വിളിച്ചു.
“ഒരഞ്ചു മിനിറ്റുടെ ഭദ്രേട്ടാ…”
ഭദ്രന്‍.. ആ പേര്, എനിക്കവളോട് തോന്നിയ ആ പ്രണയത്തിന് ഒരു നീര്‍ കുമിളയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.
നെഞ്ചില്‍ എവിടുന്നോ ഒരു കൊളുത്തി വലി..
ചേച്ചിയും ഞെട്ടി എഴുന്നേറ്റു
“ആ..ശ്രീ…”
“എന്താ ഇവിടെ ഇരുന്നു ഉറങ്ങിയത്?”
എന്‍റെ മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് ചോദിച്ചു.
“നിന്റെ പാട്ട് കേട്ടങ്ങ് ഉറങ്ങിപ്പോയടാ. അമ്മായി പറഞ്ഞപ്പോ ഇത്രയും നന്നാവുമെന്ന് ഞാന്‍ കരുതിയില്ല. നിന്റെ പാട്ട് ഞാന്‍ ഇത് ആദ്യമാ കേക്കണെ.”
“ഞാന്‍ അങ്ങനെ പാടത്തൊന്നുമില്ല, വല്ലപ്പോഴും അമ്മക്ക് കേക്കണോന്നു പറയും. അമ്മേടെ അടുത്ത് മൂളും അത്രന്നെ.”
“ഉവ്വാ….നീ ഞാന്‍ ഉള്ളപ്പോന്നും പാടിയിട്ടില്ല.. അല്ലാതെ എല്ലാരുടെയും മുന്നില്‍ പാടുമെന്നറിയാം.”
“ഞാനോ?”
“ഹ്മ്.. പണ്ടൊരാള്‍ നിന്റെ പാട്ട് എന്നെ കേൾപ്പിക്കാന്‍ വേണ്ടി എന്നെ നിന്റെ കോളജില്‍ വിളിച്ചോണ്ട് വന്നിട്ടുണ്ട്. പക്ഷേ അന്നത് നടന്നില്ല, അന്നാ… അത് പോട്ടെ”
“ആരാ അത്”
“അത് നിന്റെ ഒരു ഫാനാ.”
അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ ഒരു തിളക്കം കണ്ടു , പെട്ടെന്ന് തന്നെ ആ മുഖം വാടി . ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
“അടുക്കളയില്‍ ചായക്കുള്ള എന്തേലും സാധനങ്ങള്‍ ഉണ്ടോന്നു നോക്കട്ടെ.”
അവള്‍ എനിക്ക് മുഖം തരാതെ അടുക്കളയിലേക്കു പോയി. അല്‍പ സമയം കഴിഞ്ഞു , പുറത്തൊരു പുരുഷ സ്വൊരം.
രാവിലെ തന്നെ ഗോപന്‍ എന്നേം കാത്തു മുറ്റത്തുണ്ട്.
“നീ വരുന്നുണ്ടോ ? പുറത്തൊന്നു കറങ്ങിട്ടു വരാം.” അവന്‍ വിളിച്ചു
“ഞാന്‍ ദാ വരുന്നു”
ആര്യെച്ചിയുടെ ചായയും കുടിച്ചു ഞാന്‍ അവന്റെ കൂടെ പുറത്തേക്കിറങ്ങി.
“നീ എന്താടാ രാവിലെ?”
“പാല് കൊണ്ട് തന്നത് ഞാനാടാ, അമ്മായിഅച്ഛന്റെ ഓഡറാ, എല്ലാം കൂടെ നാലഞ്ചുലക്ഷം രൂപയുടെ പണി ഇല്ലേടാ, അങ്ങേരു സോപ്പ് പതപ്പിക്കുവാ, പൊതിയാതേങ്ങ കണക്കിന് ബാങ്കില്‍ പൈസ കിടക്കാന്‍ തുടങ്ങിയിട്ട് ഇച്ചിരിയായേ”
അവൻ ഒന്ന് നിര്‍ത്തി..
“ഞാന്‍ വിളിച്ചുകൊണ്ട് വന്നതിനു വേറെ ഒരു കാര്യമുണ്ട്. ഒരാൾക്ക് നിന്നെ കാണണോന്നു പറഞ്ഞുവന്നിട്ടുണ്ട്, ആ ആല്‍ത്തറയുടെ അടുത്ത് നിക്കാം.. എന്നാ പറഞ്ഞേ, നീ അങ്ങോട്ട് ചെല്ല്..”
ഞാന്‍ അങ്ങോട്ട് നടന്നു ചെന്നു. ആല്‍ത്തറക്കരുകില്‍ ഒരു വെളുത്ത ബെന്‍സ് കിടപ്പുണ്ട്. അതില്‍ ചാരി ഒരു പെണ്ണും. അവള്‍ എന്നേ കണ്ടപ്പോള്‍.
“ഹലോ വിഷ്ണു അറിയോ ?”
“ശ്രീ ഹരി” ഞാന്‍ തിരുത്തി, എന്നിട്ട്..
“എനിക്കറിയില്ല ആരാ? എന്തിനാ കാണണോന്നു പറഞ്ഞേ ?”
അവള്‍ എന്നോട് ഒന്നും മിണ്ടാതെ ആ കാര്‍ എടുത്തുപോയി. അപ്പോഴേക്കും ഗോപനും അങ്ങോട്ട് കയറി വന്നു.
“നിന്നെ കാണാനൊന്നു പറഞ്ഞു കന്യാകുമാരിന്ന് ഡ്രൈവ് ചെയ്തു വന്നതാ. പക്ഷേ എന്താ മിണ്ടാതെ അങ്ങ് പോയ്ക്കളഞ്ഞേന്ന്‍ മനസിലായില്ല.”
“ആരാടാ അത്?”
“നിനക്കറിയില്ലേ? ടാ കോപ്പേ.. അതല്ലേ അരുണിമ, അവളേം മറന്നോ നീ? കഷ്ടം..”
“ഇല്ലടാ.. എനിക്ക്…. എനിക്ക് എവിടോ പരിചയമുണ്ടെന്നു മനസ് പറയുന്നു. പക്ഷേ ആളെ…. നിന്റെ ഫ്രണ്ട് ആണോ? എനിക്കവളോട് തനിച്ചൊന്നു സംസാരിക്കണം, എന്തോ എനിക്ക് അവളോട് പറയാനുള്ള പോലെ”
“ഏതായാലും ഇപ്പൊ വേണ്ട, നീ നാട്ടില്‍ വന്നപ്പോള്‍ക്തന്നെ അവള്‍ എന്നെ വിളിച്ചു, നിന്നേപ്പറ്റി തിരക്കി, എങ്കില്‍ അതില്‍ എന്തൊക്കെയോ കാര്യമുണ്ട്. നീ ഇപ്പൊ ഒന്നും ഓര്‍മ്മപോലും ഇല്ലാതെ അവളുടെ അടുത്തോട്ടു ചെല്ലണ്ട.”
“ഹ്മ്”
അവന്‍ പറഞ്ഞതിലും കാര്യമുണ്ട്, ആര്യേച്ചിയും എന്നില്‍ നിന്ന് എന്തൊക്കയോ ഒളിക്കുന്നു. ഭദ്രനും ഈ വന്നവളുമായി എന്താണ് പ്രശ്നം. വ്യക്തമായി ഒന്നും അറിയാതെ ആര്യേച്ചിയുടെ ജീവിതവും ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ.
ഇരുപത്തി രണ്ടു വർഷങ്ങൾക്ക് മുൻപുള്ള ഒരു വൈകുന്നേരം.
അച്ഛന്റെയും ഏട്ടന്റെയും മരണം കൺമുന്നിൽ കണ്ട ഞാൻ ഉണർന്നത് അന്നായിരുന്നു. അതുവരെയും എന്റെ മനസ്സിൽ ഒരുതരം മരവിപ്പായിരുന്നു. എന്തൊക്കെയോ എന്റെ ചുറ്റും നടക്കുന്നുണ്ട്.. പക്ഷേ എന്താണെന്നോ ഏതാണന്നോ ആ അവസ്ഥയിൽ എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല.
“ആര്യേച്ചീന്ന് വിളിക്കണം എന്ന് ഞാന്‍ പറഞ്ഞു”
ആര്യേച്ചിയുടെ ആ ശകാരം അപ്പോൾ എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
“അവളുടെ മനസില്‍ ഞാന്‍ വെറും അനുജന്‍ മാത്രമാണോ?.”
എന്റെ കുഞ്ഞു മനസ് തകർക്കാൻ പോന്ന ഒരു ബോംമ്പായിരുന്നത്.
എപ്പോഴോ മനസ്സിൽ മുളയിട്ട സ്വപ്നങ്ങളൊക്കെ ഒറ്റയടിക്ക് കരിഞ്ഞു പോകുന്നപോലെ തോന്നി.
ജീവിതത്തിലേക്കു തിരിച്ചുവരാൻ മുന്നിൽ തെളിഞ്ഞുവന്ന ഒരു കച്ചിത്തുരുമ്പും കൈ വിട്ടുപോകുവാണോ?
ഈ അവസ്ഥയിൽ നിന്ന് പുറത്ത് വരാൻ പറ്റുന്ന എന്തെങ്കിലും കൂടെ ഉണ്ടായിരുന്നങ്കിൽ!
ഞാൻ ആഗ്രഹിച്ചു.
അപ്പോഴാണ് ഞാൻ അമ്മേ ഓർത്തത്. അങ്ങനെയാണ് ഞാൻ എന്റെ അമ്മയുടെ അടുത്തേക്ക് ചെല്ലുന്നത്.
അവിടെ ഞാൻ കണ്ടത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
എന്റെ അമ്മ ആ കട്ടിലിൽ കരഞ്ഞു തളർന്നു കിടക്കുന്നു. ഞാൻ ഇന്നുവരെ എന്റെ അമ്മേടെ കരഞ്ഞു വാടിയ മുഖം കണ്ടിട്ടില്ല. ഇപ്പൊ ഇതെന്താ അമ്മ ഇങ്ങനെ, സത്യത്തിൽ അതിന്റെ കാര്യകാരങ്ങളൊന്നും എന്റെ ഓർമ്മയില്‍ നിന്ന് അപ്പോഴേക്കും മാഞ്ഞുപോയിരുന്നു. ഞാൻ എന്തോ ഇപ്പൊ അങ്ങനെയാണ്. എന്തോ വലിയ വിഷമം എന്റെ ചുറ്റും ഉണ്ടെന്നറിയാം, പക്ഷേ അത് എന്താണന്നോ ഏതാണെന്നൊന്നും അറിയില്ല. ആരോടും ചോദിക്കാനും തോന്നിയിട്ടില്ല. അവരാരും ഇങ്ങോട്ട് പറയാനും വന്നിട്ടില്ല എന്നതാണ് സത്യം.
എല്ലാത്തിനോടും വല്ലാത്തൊരു പേടിയും അകൽച്ചയും.
പക്ഷേ എത്ര ശ്രമിച്ചിട്ടും ഞാൻ എന്താ എന്റെ അമ്മയുടെ അടുത്തുപോലും ഇത്രനാളും വരാഞ്ഞത് എന്ന ചോദ്യത്തിന് ശെരിയായൊരു ഉത്തരം എനിക്ക് കണ്ടത്താനാവുന്നില്ല.
എന്റെ സങ്കടമോ കുറ്റബോധമോ, ഞാൻ അമ്മയുടെ കണ്ണ് തുടച്ചു.. അമ്മേ കെട്ടിപിടിച്ചു കിടന്നു. അമ്മയുടെ മുഖം അൽപ്പം തെളിഞ്ഞിരിക്കുന്നുവോ..!!
എന്റെ സാമിപ്യം അമ്മക്ക് സന്തോഷം നൽക്കുന്നുണ്ടോ ?. എന്റെ മനസ്സിൽ അൽപ്പം സമാധാനത്തിന്റെ കാറ്റു വീശി.
എങ്കിൽ ഇനി എനിക്ക് ജീവനുള്ളടുത്തോളം കാലം ഞാൻ എന്റെ അമ്മേ കരയിക്കില്ല എന്നൊരു ദൃഢ നിശ്ചയം എന്റെ മനസ്സിൽ കൈക്കൊണ്ടു.
പിന്നീടുള്ള ദിവസങ്ങളിൽ ഞാനും അമ്മയും പതിയെ പതിയെ നോർമല്‍ ആവാൻ തുടങ്ങിയിരുന്നു. അമ്മയുടെ മുഖത്തു ഇടക്കൊക്കെ സന്തോഷം ഞാൻ കണ്ടു. എനിക്കും അത് അൽപ്പം ആശ്വാസമായി. ഞങ്ങളെ രണ്ടാളെയും വിഷമിപ്പിക്കുന്ന കാര്യങ്ങളൊന്നും ഞങ്ങളുടെ മുന്നിൽവെച്ച് അമ്മായിയോ അമ്മാവനോ പറയാറില്ലായിരുന്നു.
ആകെ എനിക്ക് സങ്കടം തോന്നിയത് ആര്യേച്ചിയുടെ പെരുമാറ്റം മാത്രമായിരുന്നു, അല്ലേ അവൾ പണ്ടേ അങ്ങനെ അല്ലായിരുന്നല്ലോ, അവൾ എന്റടുത്തു സൗമ്യമായി സംസാരിച്ചിട്ടുള്ളത് വളരെ ചുരുക്കം ആണല്ലോ. അവളുടെ അധികാര ഭാവത്തിലുള്ള പെരുമാറ്റങ്ങളാണ് എന്റെ ചിന്തയിൽ ഉള്ളത്.
‘ആര്യ മഹാദേവ്‘
ആ പേര് പോലെ തന്നെ അവളുടെ ധാർഷ്ഠ്യം ആ മുഖത്തുണ്ടായിരുന്നു.
പതിയെ ഞാൻ ആര്യേച്ചിയുമായി അകന്നു. അവളോടുള്ള മോഹം ഞാൻ മറന്നു എന്ന് വേണം പറയാൻ. അതിന് കാരണം അവളോട് എനിക്ക് എന്നോ തോന്നിയ അകാരണമായ പേടി മാത്രമല്ല ഇപ്പൊ അവളെ കാണുമ്പോൾ
‘ചേച്ചിന്നു വിളിക്കണം' എന്ന് ഡയലോഗ് എന്റെ മനസ്സിൽ കിടന്നു കറങ്ങുന്നുണ്ട്.
ഞാൻ ഇപ്പൊ അവളെ കാണുന്നത് എനിക്കവൾ ട്യൂഷൻ എടുക്കുമ്പോൾ മാത്രമായി ചുരുക്കി, അല്ലാത്തപ്പോൾ ഞാൻ മുറിക്കുപുറത്ത് തന്നെ വരില്ല.
ട്യൂഷൻ എടുക്കുമ്പോഴും ഞങ്ങൾ തമ്മിൽ മറ്റു കാര്യങ്ങൾ ഒന്നും സംസാരിക്കില്ല. അതിനിടയിൽ എപ്പോഴോ ആര്യേച്ചി എന്ന വിളി എന്റെ നാവിൽ വന്നുതുടങ്ങി.
വർഷങ്ങൾ പലതു കടന്നുപോയി. ഞാൻ ഒമ്പതിൽ പഠിക്കുന്ന സമയം, ആര്യേച്ചി അപ്പോഴേക്കും ഒരു പൂർണ സ്ത്രീയായി മാറിയിരുന്നു. ആയിടക്ക് എന്റെ കൂടെ ആര്യേച്ചി ട്യൂഷൻ എടുക്കുന്ന ഗോപിക ഒരു കാര്യം പറഞ്ഞു.
അരുൺ, ഒരു വഷളൻ ചെക്കൻ ആര്യേച്ചിയുടെ പുറകെ ശല്യമായി നടക്കുന്നുണ്ടെന്ന്. ആര്യേച്ചി അവനെ പലവട്ടം ചീത്ത പറഞ്ഞു നാണം കെടുത്തിവിട്ടു : എന്നും കൂടെ ആയപ്പോൾ ഞാൻ അറിയാതെ പറഞ്ഞു പോയി
[ തുടരും ]