നിന്നെ എനിക്ക് വേണം
എനിക്ക് വേണം – മഴയും നനഞ്ഞു പോകുന്ന ആ യാത്രയിലും അവൻ വിയർത്തൊലിച്ചു അവരുടെ നടുവിൽ തളർന്നിരുന്നു..
രമ പകർന്നു കൊടുത്ത ധൈര്യം മുഴുവൻ ജിഷ്ണുവിനെ കണ്ട നിമിഷം മുതൽ ഒലിച്ചു പോയിരുന്നു. അവന്റെ മുന്നിൽ പ്ലസ് വണ്ണിൽ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ചെകുത്താൻ വീണ്ടും മുന്നിൽ നിൽക്കുന്ന അവസ്ഥ ആയിരുന്നു. ഭൂതകാല സ്മരണകൾ വരിഞ്ഞു മുറുകിയപ്പോൾ അവന്റെ നാവിനും എന്തിന് ശ്വാസത്തിന് പോലും ആരോ ചങ്ങലയിട്ടപോലെ ആയിരുന്നു.
ചുറ്റുമുള്ള സ്റ്റുഡന്റസ് ഉയർന്നും താഴ്ന്നും എന്താണ് നടക്കുന്നതെന്നറിയാൻ എത്തിക്കുത്തി നോക്കുന്നുണ്ടായിരുന്നു..
രമേഷിനെ ചുറ്റിയിരുന്ന ജിഷ്ണുവിന്റെ കണ്ണ് തങ്ങൾക്ക് നേരെ കനത്തു വരുന്നത് കണ്ട അവർ പിറുപിറുത്തുകൊണ്ട് താഴേക്ക് ഇരുന്നു.
“അപ്പോൾ മക്കള് ആദ്യം പോയി തന്തയെ തപ്പി കണ്ടുപിടിക്ക് എന്നിട്ട് ഒരു പെണ്ണിനെയൊക്കെ നോക്കാം…”
ജിഷ്ണു അവനെ നോക്കി ക്രൂരമായ ചിരിയോടെ അവനോടു പറയുമ്പോൾ, രമേഷിന്റെ മനസ്സ് ഏതോ കോണിൽ ഇരുന്നു അലറുകയായിരുന്നു.
“എനിക്ക് വയ്യേച്ചി… ഇനിയും അവർക്ക് മുന്നിൽ പോയി നാണം കെടാൻ,… അവരുടെ മുന്നിൽ തെറ്റു എന്താന്നു പോലും അറിയാതെ തലയും കുനിച്ചു ഇരിക്കാൻ….എനിക്കിനി പഠിക്കണ്ട…”
“നീ ഇതെന്തൊക്കെയാ ചെക്കാ ഈ പറേണേ….ഇത്രേ ഉള്ളൂ നീ…”