എന്റെ സ്വപ്നങ്ങളും മോഹവും
പക്ഷേ, എനിക്കൊന്നും ഓർമ്മ വന്നില്ല. ഗോപനും എന്താകാര്യം എന്നൊക്കെ തിരക്കി, എനിക്ക് ഓർക്കാൻ പറ്റുന്നില്ല.. പിന്നല്ലേ അവനോടു പറയുന്നത്.
വൈകുന്നേരം ചേച്ചിതന്നെയാണ് എന്നെ കാത്തുനിന്ന് തിരിച്ചു വീട്ടിൽ കൊണ്ടോയത്. പക്ഷേ അവളും അതേപ്പറ്റി ഒന്നും മിണ്ടിയില്ല.
ഞാന്‍ അവളോട് ചോദിച്ചു
“ആരാചേച്ചി അവന്‍..”
“അതൊരു തല്ലിപൊളി ചെക്കനാടാ.. ശല്യമായിരുന്നു.”
“ശല്യമോ ?”
“ഏതായാലും നിന്റത്രേം അല്ല..”
“അതിന് ഞാന്‍ എന്താ ചെയ്തെ?”
“നീ ഒന്നും ചെയ്തില്ല.. അതാണല്ലോ അവന്‍ ഓടിയത്, ഇനി വരുമെന്ന് തോന്നുന്നില്ല…”
ഞാന്‍ ഒന്നും പിടികിട്ടാതെ അങ്ങനെ കുഴങ്ങിനിന്നത് കണ്ടു അവള്‍ തുടര്‍ന്നു..
“നീ അവനെ കണ്ടു… ഠിം… ബോധംകെട്ടു.. പിന്നെ ജോണ്‍സണ്‍ അങ്കിളാ അവനെ ഓടിച്ച് വിട്ടത്, ശ്രീഹരി നിനക്ക് പറ്റിയ പേരാ”
എന്നിട്ടവള്‍ ഒന്ന് ചിരിച്ചു. എന്നെ കളിയാക്കാന്‍ വേണ്ടിയാണെങ്കിലും ആര്യേച്ചിയുടെ തെളിഞ്ഞമുഖം ഞാന്‍ കണ്ടിട്ട് കാലം എത്രയായി.
“അല്ല എന്റെ പേരിനെന്താ ഇപ്പൊ കുഴപ്പം ?”
“ആ… ആ പേര് പറഞ്ഞാ മതില്ലോ, ശോ എന്‍റെ പഞ്ചപാവം ഹരിക്കുട്ടാ…”
എന്‍റെ താടിക്കൊരു ഉന്തും തന്നിട്ട് അവള്‍ ഒന്നൂടെ ആര്‍ത്തു ചിരിച്ചു.
എനിക്ക് സത്യത്തില്‍ ഒന്നും പിടികിട്ടിയില്ല. അവള്‍ എന്‍റെ മുന്നിലേക്ക് പെട്ടെന്നെടുത്തു ചാടിയിട്ട് എന്‍റെ നേരെ കൈവിരല്‍ ബ്രാക്കറ്റ് പോലെ പിടിച്ചിട്ടു രണ്ടു കയ്യും വിരിച്ച് ഒരുമാതിരി സിനിമാക്കാര്‍ സീന്‍ പറയണപോലെ പറഞ്ഞു