ചേറിൽ വീണ പൂവ്
“അളിയാ… നീന ചോദിക്കുന്നു, വേറെ ആരെയും കിട്ടില്ലേ എന്ന്. അവൾക്കിപ്പോ ഓവർ ടൈം ഡ്യൂട്ടി ആണെന്ന് ഹോസ്പിറ്റലിൽ. ഒത്തിരി പേര് ലീവ് ആണത്രേ”
രാഹുലിൻറെ ശബ്ദം എബിയെ ചിന്തയിൽ നിന്നുണർത്തി.
“അവൾ അല്ലാതെ വേറെ ആരാടാ ഇങ്ങനെയൊരു റോഡ് ട്രിപ്പിന്. പോരാത്തതിന് നാലു പേരും. ഇനി പെട്ടന്ന് വേറെ ആരെ കിട്ടാനാ. നീ ഒന്ന് നിർബന്ധിക്ക്. കാശ് കൂടുതൽ കൊടുക്കാമെന്നു പറ.” എബി രാഹുലിനോട് പറഞ്ഞു.
“കാശിൻറെ കാര്യം നീ തന്നെ പറ അളിയാ. അക്കാര്യത്തിൽ മാത്രം അവൾക്കെന്നെ വിശ്വാസം ഇല്ല.”
രാഹുൽ നീനയുടെ നമ്പർ ഡയൽ ചെയ്തു ഫോൺ എബിക്ക് കൊടുത്തു.
“ഹലോ…” മറുവശത്തു നീന.
“എയ് ഹായ് നീന. ഇത് എബിയാ…” ചെറുപുഞ്ചിരിയോടെ എബി പറഞ്ഞു.
“ഓ നമ്മളെയൊക്കെ ഓർമയുണ്ടോ. പുത്തൻ പെണ്ണിനെ കിട്ടിയപ്പോൾ നമ്മളൊക്കെ പുറത്തു. അല്ലേടാ…” നീനയ്ക്ക് പരിഭവം.
“എയ് നീ പുറത്തു അല്ലാത്തത് കൊണ്ട് അല്ലെ നിന്നെയിപ്പോ വിളിച്ചത്.” എബി സ്മാർട്ട് ആവാൻ നോക്കി.
“അതെയതെ രാഹുൽ പറഞ്ഞു. പക്ഷെ നടക്കില്ല എബി. ഞാൻ ഓവർ ടൈം കമ്മിറ്റ് ചെയ്തു പോയി. ഇനി ലീവും കൂടി എടുത്താൽ ശരിയാവില്ല.” നീന പറഞ്ഞു.
“അയ്യോ അങ്ങനെ പറയല്ലേ. പരിപാടി കുളമാവും. ഇവിടെയൊരു കാണ്ടാമൃഗം ഉണ്ട്. അവനെ മെരുക്കാൻ നീയേ പറ്റൂ.” എബി കുറച്ചു കൂടെ വിശദീകരിച്ചു.